പനച്ചിക്കാട്: ജില്ലയിലെ പ്രമുഖ ആധ്യാത്മിക മേളയായ ദക്ഷിണമൂകാംബി ഹിന്ദു മഹാസംഗമം 25,26,27 തിയ്യതികളില്‍ പനച്ചിക്കാട് ദക്ഷിണമൂകാംബി ക്ഷേത്ര മൈതാനത്ത് നടക്കും.
വെള്ളിയാഴ്ച രാവിലെ 6ന് സ്വാഗതസംഘം ചെയര്മാന് കെ.എന്‍. നാരായണന് നമ്പൂതിരി പതാക ഉയര്‍ത്തുന്നതോടെ മൂന്നു ദിവസം നീണ്ടു നില്ക്കുന്ന സംഗമത്തിന് തുടക്കം കുറിക്കും. 6.30ന് കണിയാന്മല മാതൃസമിതിയുടെ വിഷ്ണു സഹസ്രനാമം ,7.30ന് പനച്ചിക്കാട് വിശ്വകര്‍മ്മ മഹിളാസമാജത്തിന്റെ ഭജന.
വൈകീട്ട് 4ന് വിശിഷ്ടവ്യക്തികളെ സ്വീകരിച്ച് പരുത്തുംപാറ കവലയില്‍ നിന്ന് ശോഭായാത്ര. 6 മണിക്ക് കിടങ്ങന്നൂര്‍ വിജയനന്ദാശ്രമത്തിലെ സ്വാമി വിജയബോധാനന്ദ തീര്‍ത്ഥപാദര്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് 'സനാതന ധര്‍മ്മപഠനം ഗ്രന്ഥങ്ങളിലൂടെ' എന്ന വിഷയത്തില്‍ ഡോ.എന്‍. ഗോപാലകൃഷ്ണന് സംസാരിക്കും.
രണ്ടാം ദിവസമായ ശനിയാഴ്ച രാവിലെ 6.30ന് പനച്ചിക്കാട് മാതൃസമിതിയുടെ നാരായണീയ പാരായണം, 7.30 ന് കോട്ടയം ശിവഗംഗ ഭജന്‍സിന്റെ ഭജന, വൈകീട്ട് 3ന് നൃത്തം, 4.30ന് നാട്ടകം ആഞ്ജനേയ കളരി സംഘത്തിന്റെ കളരിപ്പയറ്റ്. 6.30ന് സത്സംഗ സമ്മേളനത്തില്‍ മാന്നാര്‍ ബ്രഹ്മവിദ്യാ ഗുരുകുലത്തിലെ ആശ്രമാധിപതി ആചാര്യ ഹരിസ്വാമി ഹൈന്ദവ പ്രതീകങ്ങളിലെ ആധ്യാത്മിക രഹസ്യത്തെക്കുറിച്ച് പ്രഭാഷണം നടത്തും
സമാപനദിവസമായ ഞായറാഴ്ച രാവിലെ 6.30ന് പാത്താമുട്ടം ശിവനാരായണ ഭാഗവത സമിതിയുടെ ലളിതാ സഹസ്രനാമം, 7.30ന് കോഴിക്കോട് പ്രശാന്ത് വര്‍മ്മയുടെ മാനസജപലഹരി, 10ന് ദേശഭക്തസംഗമം, വൈകീട്ട് 3ന് ചാന്നാനിക്കാട് വിവേകാനന്ദ പബ്ലിക് സ്കൂളിന്റെ കലാസന്ധ്യ, 5ന് പനച്ചിക്കാട് വാണി എന്‍.എസ്.എസ്. വനിതാ സമാജത്തിന്റെ തിരുവാതിര, 6.30ന് സമാപന സമ്മേളനം വാഴൂര്‍ തീര്‍ത്ഥപാദാശ്രമം സെക്രട്ടറി സ്വാമി ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദര്‍ ഉത്ഘാടനം ചെയ്യും.
ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സംഘടന സെക്രട്ടറി കാ.ഭാ സുരേന്ദ്രന് 'രാഷ്ട്രവും രാഷ്ട്രീയവും ദേശവും ദേശീയതയും' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും.
പനച്ചിക്കാട് ദേവസ്വം മാനേജര്‍ കെ.എന്‍. നാരായണന് നമ്പൂതിരി ചെയര്‍മാനും, സ്വാമി വിജയ ബോധാനന്ദ തീര്‍ത്ഥപാദര്‍ മുഖ്യ രക്ഷാധികാരിയും എ.ജി അനീഷ് പനച്ചിക്കാട് ജനറല്‍ കണ്‍വീനറും ആയി 251 അംഗ സമിതിയുടെ നേതൃത്വത്തിലാണ് പരിപാടി.