കറുകച്ചാല്‍: പാചകവാതക സിലിണ്ടറുകളുമായി എത്തിയ ലോറി നടുറോഡില്‍ കേടായതുമൂലം മല്ലപ്പള്ളി റോഡില്‍ ഗതാഗതക്കുരുക്ക് ഉണ്ടായി. വെള്ളിയാഴ്ച വൈകീട്ട് ഏഴുമണിയോടെയായിരുന്നു സംഭവം. മല്ലപ്പള്ളിയില്‍നിന്ന് കറുകച്ചാല്‍ ഭാഗത്തേക്ക് എത്തിയ ലോറി സെന്‍ട്രല്‍ ജങ്ഷനു സമീപം നിന്നുപോകുകയായിരുന്നു.

ഈ സമയം കനത്ത മഴയായതിനാലും ലോറി റോഡില്‍നിന്ന് നീക്കാനും സാധിച്ചില്ല. ഇതേത്തുടര്‍ന്ന് റോഡില്‍ വന്‍ ഗതാഗതക്കുരുക്കാണ് ഉണ്ടായത്.

ഏഴരയോടെ സ്ഥലത്തെത്തിയ കറുകച്ചാല്‍ പോലീസ് ഗതാഗത നിയന്ത്രണം ഏറ്റെടുത്തു. തുടര്‍ന്ന് നാട്ടുകാരും സമീപത്തെ കച്ചവടക്കാരും ചേര്‍ന്ന് ലോറി റോഡില്‍ നിന്ന് തള്ളിമാറ്റിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.