മീനടം: പത്തു സെന്റ് സ്ഥലം മാത്രമാണ് മീനടം ഇലവുങ്കല്‍ കുര്യാക്കോസ് വര്‍ഗീസി(സണ്ണി)നുള്ളത്. പാട്ടത്തിനെടുത്ത് പത്തര ഏക്കറിലാണ് കൃഷിയുടെ വിജയഗാഥയാണ് സണ്ണിയെ ജില്ലയിലെ രണ്ടാമത്തെ മികച്ച കര്‍ഷകനുള്ള പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

ജൈവ രീതികള്‍ അവലംബിച്ചാണ് കൂടുതലും കൃഷി ചെയ്യുന്നത്. പാവല്‍, പടവലം, പയര്‍, വെള്ളരി തുടങ്ങിയവയിലാണ് കൂടുതല്‍ ശ്രദ്ധിക്കുന്നത്. കാലി വളം, കമ്പോസ്റ്റ്, കോഴി വളം എന്നിവക്ക് പുറമെ പഞ്ചഗവ്യം, മത്തി കഷായം, പുളിപ്പിച്ച ജൈവവളം, പിണ്ണാക്ക് കൂട്ടുകള്‍ എന്നിവയും ഉപയോഗിക്കുന്നു. ജൈവ കീടരോഗ നിയന്ത്രണ ഉപാധികളായ സ്യൂഡോമോണസ്, ഫെറോമോണ്‍ കെണികള്‍, വേപ്പ് അധിഷ്ഠിത കീടനാശിനികള്‍ എന്നിവയും ചെറിയ തോതില്‍ രാസ കീട നാശിനികളും ഉപയോഗിക്കുന്നു.
 
സ്വന്തം നഴ്‌സറിയില്‍ തൈകള്‍ ഉല്പാദിപ്പിച്ചാണ് നടുന്നത്. താമസിക്കുന്ന 10 സെന്റ് സ്ഥലത്ത് 50 ഓളം മുട്ട കോഴികളെയും ഗ്രോ ബാഗുകളിലായും അടുക്കളത്തോട്ട കൃഷിയായും ശീതകാല പച്ചക്കറികളായ കാബേജ്, കോളിഫ്‌ലവര്‍, ബീന്‍സ് ഉള്‍പ്പെടെയുള്ള വീട്ടിലേക്കാവശ്യമുള്ള മിക്ക പച്ചക്കറികളും പൂര്‍ണമായും ജൈവ രീതിയില്‍ ഉത്പാദിപ്പിക്കുന്നുണ്ട്.

കുടുംബാംഗങ്ങളും സുഹൃത്ത് കുന്നത്തുപറമ്പില്‍ രാജുവും സണ്ണിക്ക് ഒപ്പം നിന്നു പ്രവര്‍ത്തിക്കുന്നു. മീനടം കൃഷി ഓഫീസര്‍ ഹാപ്പി മാത്യുവിന്റെ ശാസ്ത്രീയ നിര്‍േദശങ്ങളും പൂര്‍ണമായി പ്രയോജനപ്പെടുത്തിയാണ് സണ്ണി കാര്‍ഷികവിജയം നേടുന്നത്.