ഏറ്റുമാനൂര്‍: തെള്ളകം സുഹൃദ്കൂട്ടായ്മയില്‍ തൊണ്ണൂറുകാരി മറിയത്തിനു വീടായി. പടുതകൊണ്ട് മറച്ച കൂരയില്‍നിന്ന് പുത്തന്‍ വീട്ടില്‍ പാലുകാച്ചുമ്പോള്‍ നീണ്ടവര്‍ഷങ്ങളിലെ കഷ്ടപ്പാടുകള്‍ക്ക് അറുതിയാകുകയായിരുന്നു.

തെള്ളകം മുണ്ടകപ്പാടം തോടിനു സമീപമായിരുന്നു മറിയം കഴിഞ്ഞിരുന്നത്. പത്തുമക്കളെ പ്രസവിച്ചതാണങ്കിലും ഇപ്പോള്‍ കൂടെയുള്ളത് ഭിന്നശേഷിയുളള മകന്‍ സന്തോഷ് മാത്രം. ചിലമക്കള്‍ എവിടെയാണന്നുപോലും മറിയത്തിനറിയില്ല. സ്വന്തമായി ഏഴു സെന്റു പുരയിടമുണ്ടായിരുന്നെങ്കിലും മറിയത്തിനു വീട് എന്നത് സ്വപ്‌നമായി.

പഞ്ചായത്തില്‍ അപേക്ഷ നല്‍കിയിരുന്നുവെങ്കിലും സമീപം റെയില്‍വേ ലൈനുള്ളതിനാല്‍ റെയില്‍വേയുടെ അനുമതിവേണമായിരുന്നു. എന്നാല്‍ നിയമത്തിന്റെ നൂലാമാലകളില്‍ കടുങ്ങി ഇത് സംഘടിപ്പിക്കാന്‍ മറിയത്തിനു കഴിഞ്ഞില്ല. ദുര്‍ഗതിയെ പഴിച്ച് കൂരയ്ക്കുള്ളില്‍ മഴയും വെയിലുമേറ്റുകിടന്ന മറിയത്തിന്റ ദുരവസ്ഥ മനസ്സിലാക്കിയ തെള്ളകം സുഹൃദ്കൂട്ടായ്മ പ്രവര്‍ത്തകര്‍ തേക്കിനി കണ്‍സ്ട്രക്ഷന്റെ സഹകരണത്തോടെ വീടു നിര്‍മിച്ചുനല്‍കുകയിരുന്നു.

രക്ഷാധികാരി കെ.ടി.ജെയിംസ്, പ്രസിഡന്റ് ബേബി ജോസഫ് കുറുപ്പന്തറ മുകുളേല്‍, സെക്രട്ടറി ബിജു പൂഴിക്കുന്നേല്‍, എം.ജി.മോഹനന്‍, ജോസഫ് പുല്ലത്തില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തെള്ളകം സെന്റ് തോമസ് പള്ളിവികാരി ഫാ.തോമസ് തറയില്‍ വെഞ്ചരിപ്പുകര്‍മം നിര്‍വ്വഹിച്ചു. പാലുകാച്ചലിനുശേഷം വീട്ടിലേയ്ക്കുള്ള പലവ്യഞ്ജനങ്ങളും സുഹൃദ്കൂട്ടായ്മ വാങ്ങി നല്‍കി.