എരുമേലി: അയ്യപ്പദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് എരുമേലിയില്‍ ആശ്വാസമായി അന്നദാനകേന്ദ്രങ്ങള്‍. ആയിരക്കണക്കിന് ഭക്തരാണ് നിത്യേന അന്നദാനകേന്ദ്രങ്ങളെ ആശ്രയിക്കുന്നത്. എരുമേലി ക്ഷേത്രത്തിന് സമീപം ആറിടങ്ങളിലാണ് അന്നദാനകേന്ദ്രങ്ങളുള്ളത്. ധര്‍മ്മശാസ്താ ക്ഷേത്രാങ്കണത്തില്‍ രാവിലെ 11ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അന്നദാനം ആരംഭിക്കും.ഔഷധക്കഞ്ഞിയാണ് നല്കുന്നത്. ഇതിന് സമീപമാണ് അയ്യപ്പസേവാസംഘത്തിന്റെ അന്നദാനം.

കെ.എസ്.ആര്‍.ടി.സി. സെന്ററിന് സമീപം പ്രവര്‍ത്തിക്കുന്ന അയ്യപ്പസേവാസമാജത്തില്‍ രാവിലെയും,ഉച്ചയ്ക്കും,വൈകീട്ടും അന്നദാനമുണ്ട്. രാവിലെ ഏഴ് മുതല്‍ പ്രഭാതഭക്ഷണവും,11 മുതല്‍ ഊണും,രാത്രി ഏഴുമുതല്‍ അത്താഴവും നല്കുന്നുണ്ട്. സെന്റ് തോമസ് സ്‌കൂള്‍ ജങ്ഷന് സമീപം അയ്യപ്പധര്‍മ്മപ്രചാരസഭയുടെ ആഭിമുഖ്യത്തില്‍ അന്നദാനം.എരുമേലി ടെലിഫോണ്‍ എക്സ്ചേഞ്ചിന് സമീപവും അന്നദാനകേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു.അന്നദാനകേന്ദ്രങ്ങളില്‍ ചുക്കുവെള്ളവിതരണവും ഉണ്ട്.