എരുമേലി: കാഞ്ഞിരപ്പള്ളി ബ്ലോക്കിന്റെ പരിധിയിലുള്ള പ്രദേശങ്ങളില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ഡെങ്കിപ്പനിക്കൊപ്പം വൈറല്‍ പനിയും പടരുന്നു. ആരോഗ്യവകുപ്പിന്റെ കണക്കുപ്രകാരം മുട്ടപ്പള്ളി(2), കണമല(1), പാറത്തോട് (3), മുണ്ടക്കയം (2) പ്രദേശങ്ങളിലായി എട്ടുപേരില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചു.

ഡെങ്കിപ്പനി ലക്ഷണത്തോടെ 15-ലേറെ പേര്‍ ചികിത്സ തേടി. എന്നാല്‍ സ്വകാര്യ ആശുപത്രികളിലെ കണക്കനുസരിച്ച് രോഗികളുടെ എണ്ണം ഇതിലുമേറെയാണ്. വേനല്‍മഴ ശക്തമായതോടെ പ്രദേശത്ത് വൈറല്‍ പനിയും പടരുന്നുണ്ട്. കഴിഞ്ഞയിടെ ചേനപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയില്‍ മലേറിയ രോഗവും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സന്ധ്യ കഴിഞ്ഞാല്‍ സര്‍ക്കാര്‍ ആശുപത്രിയില്ല

വൈകുന്നേരം ആറുമണി കഴിഞ്ഞാല്‍ രോഗികള്‍ എരുമേലി സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടറില്ല. ഉച്ചവരെ ഒ.പി. വിഭാഗവും ആറ് വരെ ഒരു ഡോക്ടറുമാണുള്ളത്. ആറ് കഴിഞ്ഞാല്‍ ആശുപത്രിയുടെ കവാടം അടയ്ക്കും. ജില്ലയില്‍ ഏറ്റവും കൂടുതല്‍ കോളനികളുള്ള പ്രദേശമാണ് എരുമേലി പഞ്ചായത്ത്. പാവപ്പെട്ടവര്‍ക്ക് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുകയെ നിവൃത്തിയുള്ളു.

ആശുപത്രിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ ബി.ജെ.പി. രാപകല്‍ സമരം നടത്തിയെങ്കിലും ഫലം കണ്ടില്ല. പ്രതിഷേധവുമായി മറ്റ് രാഷ്ട്രീയപാര്‍ട്ടികളും എത്തിയില്ല. ശബരിമലയില്‍ മാസപൂജയുടെ ഭാഗമായി എരുമേലിയില്‍ അയ്യപ്പഭക്തരുടെ തിരക്കുണ്ട്. അസുഖമോ, അപകടമോ സംഭവിച്ചാല്‍ ഭക്തര്‍ക്കും മറ്റു മാര്‍ഗം തേടുകയേ നിവൃത്തിയുള്ളൂ. കോടികള്‍ മുടക്കി കെട്ടിടങ്ങള്‍ നിര്‍മിച്ച് ഉപയോഗയോഗ്യമല്ലാതെ കിടക്കുന്നത് ഗുരുതരമായ അനാസ്ഥയായി നാട്ടുകാര്‍ ആരോപിക്കുന്നു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിലാണ് എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി

മേഖലയില്‍ പകര്‍ച്ചപ്പനികള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ഉറവിട നശീകരണവും ബോധവത്കരണവും ആരംഭിച്ചു. ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കണമല, മുട്ടപ്പള്ളി പ്രദേശങ്ങളില്‍ കൊതുകിന്റെ സാന്ദ്രതാ പഠനം ആരംഭിച്ചു. വാര്‍ഡ് തലത്തില്‍ സാനിട്ടേഷന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനം തുടങ്ങിയതായി ബ്ലോക്ക് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം.വി. ജോയി പറഞ്ഞു. എരുമേലിയില്‍ മഴക്കാല രോഗപ്രതിരോധ പരിപാടികളുടെ ഉദ്ഘാടനം ബുധനാഴ്ച 11-ന് എരുമേലി സാമൂഹികാരോഗ്യകേന്ദ്രത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. കൃഷ്ണകുമാര്‍ നിര്‍വഹിക്കും.