എരുമേലി: വാഹനം കാത്ത് റോഡരുകില്‍നിന്ന വീട്ടമ്മയുടെ കണ്ണില്‍ മുളക് പൊടി വിതറി മാലപറിയ്ക്കാന്‍ ശ്രമം. വീട്ടമ്മ നിലവിളിച്ചോടി. എതിരെ വാഹനം വരുന്നതു കണ്ടു മോഷ്ടാവ് ശ്രമമുപേക്ഷിച്ച് ബൈക്കില്‍ രക്ഷപെട്ടു. എരുമേലി പുതുശേരി വീട്ടില്‍ സുനിലിന്റെ ഭാര്യ സീന(39)യുടെയാണ് മാലപൊട്ടിക്കാന്‍ ശ്രമിച്ചത്. എരുമേലി-കാരിത്തോട് റോഡില്‍ അത്തിമൂട്ടില്‍ പടിയില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 12-മണിയോടെയാണ് സംഭവം. അധികം ബസ് സര്‍വീസോ, വാഹനതിരക്കും ഇല്ലാത്ത റോഡായതിനാല്‍ എരുമേലിയിലേക്ക് പോകാന്‍ ഓട്ടോറിക്ഷ കാത്തുനില്‍കുകയായിരുന്നു വീട്ടമ്മ. എരുമേലിയില്‍നിന്നും കാരിത്തോട് ഭാഗത്തേക്ക് ബൈക്കില്‍ പോവുകയായിരുന്ന യുവാവ് വീട്ടമ്മയെ കണ്ട് ഏതാനും വാര മുന്നോട്ട് പോയശേഷം തിരികെവന്ന് മുളക് പൊടി വിതറുകയായിരുന്നു. നാട്ടുകാരെത്തി സീനയെ എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തിലാക്കി. ഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തിയ യുവാവ് നീല ടീഷര്‍ട്ടും,കറുത്ത പാന്റുമാണ് ധരിച്ചിരുന്നത്.