എരുമേലി: മതസൗഹാര്‍ദം പങ്കുവെച്ച് ചന്ദനക്കുടം ഉത്സവം ചൊവ്വാഴ്ച നടക്കും. ഭക്തിയുംസൗഹൃദവും സംഗമിക്കുന്ന എരുമേലി പേട്ടതുള്ളല്‍ ബുധനാഴ്ചയാണ്. എരുമേലി മഹല്ലാ മുസ്ലീം ജമാ അത്ത് കമ്മിറ്റിയാണ് ചന്ദനക്കുടം ഉത്സവം നടത്തുന്നത്. ചൊവ്വാഴ്ച വൈകീട്ട് ആറരയ്ക്ക് ജമാ അത്ത് അങ്കണത്തില്‍ മന്ത്രി കെ.ടി.ജലീല്‍ ചന്ദനക്കുട ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും. പി.എ.ഇര്‍ഷാദ് അധ്യക്ഷം വഹിക്കും. ധര്‍മശാസ്താ ക്ഷേത്രത്തിലും, പേട്ട ധര്‍മശാസ്താ ക്ഷേത്രത്തിലും ചന്ദനക്കുടം ഘോഷയാത്രയ്ക്ക് ആചാരാനുഷ്ഠാനത്തോടെ സ്വീകരണം നല്കും.

ബുധനാഴ്ച പകല്‍ പന്ത്രണ്ടരയോടെ ആകാശത്ത് പരുന്തിനെ കാണുമ്പോഴാണ് അമ്പലപ്പുഴ പേട്ടതുള്ളല്‍ തുടങ്ങുന്നത്. കളത്തില്‍ ചന്ദ്രശേഖരന്‍നായരാണ് അമ്പലപ്പുഴ സംഘത്തിന്റെ സമൂഹപെരിയോന്‍. പേട്ട ധര്‍മശാസ്താക്ഷേത്രത്തില്‍ നിന്നാണ് പേട്ടതുള്ളല്‍ തുടങ്ങുന്നത്. നൈനാര്‍ മസ്ജിദില്‍ അമ്പലപ്പുഴ സംഘത്തെ പുഷ്പങ്ങള്‍ വിതറി സ്വീകരിക്കും. പള്ളിയില്‍നിന്ന് വാവര് സ്വാമിയുടെ പ്രതിനിധിയുമായാണ് അമ്പലപ്പുഴ സംഘം ധര്‍മശാസ്താ ക്ഷേത്രത്തിലേക്കു പോകുന്നത്. വാവര് സ്വാമിയെക്കൂട്ടി അമ്പലപ്പുഴക്കാര്‍ ശബരിമലയ്ക്ക് പോകുന്നതായാണ് ഐതീഹ്യം.

ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് ആലങ്ങാട് സംഘത്തിന്റെ പേട്ടതുള്ളല്‍ ആരംഭിക്കുന്നത്. അമ്പലപ്പുഴ സംഘത്തോടൊപ്പം വാവര് സ്വാമി പോയി എന്ന വിശ്വാസത്തില്‍ പള്ളിയില്‍ കയറാതെ പള്ളിക്ക് വണങ്ങിയാണ് ആലങ്ങാട്കാര്‍ പേട്ടതുള്ളി ധര്‍മശാസ്താ ക്ഷേത്രത്തിലേക്കു പോകുന്നത്. അമ്പലപ്പുഴക്കാര്‍ അയ്യപ്പന്റെ മാതൃസ്ഥാനീയരും ആലങ്ങാട്കാര്‍ പിതൃസ്ഥാനീയരുമാണെന്നാണ് ഐതീഹ്യം. പല നിറങ്ങളിലുള്ള സിന്ദൂരം ശരീരത്തില്‍ തേച്ച് രൗദ്രഭാവത്തോടെയാണ് അമ്പലപ്പുഴക്കാരുടെ പേട്ടതുള്ളല്‍. കളഭം തേച്ച് ശാന്തവും താളാത്മകവുമാണ് ആലങ്ങാട് പേട്ട.