പൊടിമറ്റം: ഉപയോഗശേഷം മഷി തീര്‍ന്നാല്‍ പേന വലിച്ചെറിയികയാണ് പലരുടെയും പതിവ്. വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യത്തിന്റെ ദൂഷ്യങ്ങളെക്കുറിച്ച് നമ്മള്‍ ചിന്തിക്കാറുമില്ല. പക്ഷെ പഠനം ആരംഭിച്ച കാലം മുതല്‍ ഉപയോഗം കഴിഞ്ഞ പേനകള്‍ സൂക്ഷിച്ച് മാതൃകയാവുകയാണ് കാഞ്ഞിരപ്പള്ളി പൊടിമറ്റത്തുള്ള ഐറിന്‍ ബി. റോസ്(13) എന്ന പെണ്‍കുട്ടി. എ.കെ.ജെ.എം. സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മിടുക്കിയുടെ കൈയ്യില്‍ ഉപയോഗം കഴിഞ്ഞ അഞ്ഞൂറിലധികം പേനകളാണ്ട്.

പേനകളിലൂടെ പരിസ്ഥിതിക്കുണ്ടാകുന്ന ദോഷങ്ങളെക്കുറിച്ചുള്ള അറിവാണ് പേന ശേഖരിക്കുന്നതിന് പ്രചോദനമെന്ന് ഐറിന്‍ പറയുന്നു. രണ്ട് രൂപ വിലയുളളത് മുതല്‍ പാര്‍ക്കര്‍ പേന വരെ ഐറിന്റെ ശേഖരണത്തിലുണ്ട്. മുന്‍പ് പ്രചാരത്തിലുണ്ടായിരുന്നതും ഇന്നില്ലാത്തതുമായ വ്യത്യസ്ഥമായ പേനകളും ഇക്കൂട്ടത്തിലുണ്ട്.

ഒന്നാം ക്ലാസിലെ സയന്‍സ് അധ്യാപകന്‍ പ്ലാസ്റ്റിക്കിനെ പരിസ്ഥിതിയില്‍ നിന്ന് എങ്ങനെ ഒഴിവാക്കമെന്ന ചോദ്യത്തില്‍ നിന്നാണ് പേന കളയാതെ സൂക്ഷിക്കാന്‍ തുടങ്ങിയത്. കൂട്ടുകാര്‍ നാണയങ്ങളും സ്റ്റാമ്പുകളും ശേഖരിച്ചപ്പോള്‍ പിന്നീട് ഉപയോഗം കഴിഞ്ഞ പേന ശേഖരിക്കാന്‍ തുടങ്ങിയത്.

ഉപയോഗശൂന്യമായ പേനകള്‍കൊണ്ട് അലങ്കാര വസ്തുക്കള്‍ ഉണ്ടാക്കാനാണ് ഐറിന്റെ പദ്ധതി. കളയുന്ന പ്ലാസ്റ്റിക്ക് വസ്തുക്കള്‍ ഉപയോഗിച്ചുള്ള കൗതുകവസ്തുക്കളുടെ പ്രദര്‍ശനം നടത്താനുമാണ് ആഗ്രഹം. കൂടാതെ പേപ്പര്‍ പേനകള്‍ സ്‌കൂളുകള്‍ വഴി നല്‍കിയാല്‍ പ്ലാസ്റ്റിക് പേനകളുടെ ഉപയോഗം കുറയ്ക്കാനാകുമെന്നും ഐറിന്‍ പറയുന്നു.

വീട്ടിലേക്കുള്ള പച്ചക്കറി സ്വന്തമായി നട്ടുവളര്‍ത്തുന്നുമുണ്ട് ഐറിന്‍. വീടിനോട് ചേര്‍ന്ന് ചെറിയ പച്ചക്കറിത്തോട്ടവും ഐറിന്‍ ഒരുക്കിയിട്ടുണ്ട്. അച്ഛന്‍ ഒഴത്തില്‍ ബെന്നിയും അമ്മ ജോത്സനയുമാണ് പ്രചോദനം. സഹോദരങ്ങളായ അനുഷയും ജിത്തുവും സഹായത്തിനുണ്ട്.