ഈരാറ്റുപേട്ട: അരുവികളുടെയും വെള്ളച്ചാട്ടങ്ങളുടെയും നാട്ടിലെത്തുന്ന വിനോദസഞ്ചാരികളുടെ കണ്ണുകള്‍ക്ക് കുളിര്‍മയേകുകയാണ് മാര്‍മല അരുവി. മീനച്ചിലാറിന്റെ കൈവഴിയായ വഴിക്കടവാറിന്റെ ഭാഗമാണ് അരുവി. 40 അടി ഉയരത്തില്‍നിന്ന് താഴേക്കു പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടം സഞ്ചാരികള്‍ക്ക് മറക്കാനാവാത്ത അനുഭവം നല്‍കുന്നു.

വെള്ളച്ചാട്ടത്തിനു താഴെ പ്രകൃതിദത്തമായ തടാകം, അരുവി കാണാന്‍ വരുന്നവര്‍ക്ക് അനുഗ്രഹമായി നിലകൊള്ളുന്നു. വര്‍ഷകാലത്ത് ശക്തമായ ഒഴുക്കായതു കാരണം അരുവിയും വെള്ളച്ചാട്ടവും കരയില്‍ നിന്നു കാണാനേ സാധിക്കൂ. ടൂറിസം കൗണ്‍സിലിന്റെ ഭൂപടത്തില്‍ മാര്‍മല അരുവിക്ക്്്് മികച്ച സ്ഥാനമാണുള്ളത്. നിരവധി വിനോദ സഞ്ചാരികള്‍ അരുവി കാണാനും കുളിക്കാനുമായി എത്തുന്നുണ്ട്്്.

സമുദ്രനിരപ്പില്‍നിന്ന് 3000 അടിവരെ ഉയര്‍ന്ന മലനിരകള്‍ അരുവിയുടെ സമീപപ്രദേശത്തുണ്ട്. ഈരാറ്റുപേട്ടയില്‍ നിന്ന് പത്തുകിലോമീറ്റര്‍ ദൂരമാണ് മാര്‍മല അരുവിയിലേയ്ക്കുള്ളത്. തീക്കോയിയില്‍ നിന്ന് മംഗളഗിരി വഴിയും അടുക്കത്തു നിന്ന് വെള്ളാനി വഴിയും മാര്‍മല അരുവിയില്‍ എത്താം.

ഇല്ലിക്കല്‍ മലനിരകളിലേയ്ക്കും ഇല്ലിക്കല്‍കല്ലിലേയ്ക്കും എത്തുന്ന വിനോദ സഞ്ചാരികള്‍ മാര്‍മല അരുവിയും കണ്ടാണ് മടങ്ങാറുള്ളത്.