അയ്മനം: കോട്ടയം സമ്പൂര്‍ണ ഹരിതസാക്ഷരത മാതൃകാപദ്ധതിക്ക് അയ്മനം പഞ്ചായത്തില്‍ തുടക്കമായി. ഹരിത കേരളാ മിഷന്റേയും മീനച്ചിലാര്‍- മീനന്തറയാര്‍- കൊടൂരാര്‍ പുനര്‍സംയോജന പദ്ധതിയുടേയും ഭാഗമായി അയ്മനം പഞ്ചായത്തിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്നത്.

ജലസംരക്ഷണം, മാലിന്യനിര്‍മാര്‍ജനം എന്നിവക്കായി ജനങ്ങള്‍ക്ക് ബോധവത്കരണം നല്‍കും. ഹരിത കേരളാ മിഷന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി.എന്‍.സീമ പദ്ധതി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എ.കെ. ആലിച്ചന്‍ അധ്യക്ഷത വഹിച്ചു.

കോ-ഓര്‍ഡിനേറ്റര്‍ കെ.അനില്‍കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് സെക്രട്ടറി എന്‍.അരുണ്‍ കുമാര്‍, വൈസ് പ്രസിഡന്റ് മിനി മനോജ് എന്നിവര്‍ പ്രസംഗിച്ചു. ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പഞ്ചായത്ത് നിര്‍വഹണ ഉദ്യോഗസ്ഥര്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകര്‍, പാടശേഖരസമിതി ഭാരവാഹികള്‍, അധ്യാപക പ്രതിനിധികള്‍, റസിഡന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പദ്ധതി ഇങ്ങനെ

# ആദ്യപടിയായി സ്‌കൂള്‍ കുട്ടികളെ പഞ്ചായത്തിലെ ഉറവകള്‍ കാണിച്ച് ബോധവത്കരണം നല്‍കും.

#പുഴയുടെ ഒഴുക്ക് സുഗമമാക്കും. ഒഴുക്ക് നിലച്ച തോടുകള്‍ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ യന്ത്രസഹായത്താല്‍ ശുചിയാക്കും.

# ജൈവക്കൃഷി പ്രോത്സാഹിപ്പിച്ച് തരിശ്ഭൂമികള്‍ കൃഷിയോഗ്യമാക്കും.

#പ്‌ളാസ്റ്റിക് പൂര്‍ണമായും ഒഴിവാക്കി ഹരിത പ്രോട്ടോക്കോള്‍ നടപ്പാക്കും.

#പഞ്ചായത്തിലെ 8500 കുടുംബങ്ങള്‍ക്ക് ഓരോ തുണിസഞ്ചി വീതം നല്‍കും.

#മഴവെള്ളം പാഴാകാതെ ജലം സംരക്ഷിക്കാന്‍ എല്ലാ വീട്ടിലും കിണര്‍ റീ ചാര്‍ജിങ്, മഴക്കുഴി എന്നിവ ഒരു വര്‍ഷത്തിനുള്ളില്‍ നിര്‍മിക്കും.

#തോടുകളുടെ നീളം വീതി എന്നിവ സൂചിപ്പിക്കുന്ന ബോര്‍ഡുകള്‍ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കും.

#പഞ്ചായത്തിലെ സ്ഥാപനങ്ങളിലും സ്‌കൂളുകളിലും അമ്പലം, പള്ളികള്‍ എന്നിവിടങ്ങളിലും മാലിന്യസംസ്‌കരണ സംവിധാനമൊരുക്കും.

#കക്കൂസ് മാലിന്യം ഉറവയായി കിണറുകളിലെത്തുന്നുണ്ടോ, മാലിന്യം തോടുകളിലെത്തുന്നുണ്ടോ എന്നറിയാന്‍ ആശാപ്രവര്‍ത്തകരുടെ സഹകരണത്തോടെ സര്‍വ്വേ നടത്തും.
ഹരിത സാക്ഷരത

സമൂഹത്തിലെ ഓരോ വ്യക്തിയും പ്രകൃതിയോട് ഇടപെടുന്നതില്‍ പാലിക്കേണ്ട അടിസ്ഥാന ധര്‍മ്മങ്ങളേയും കടമകളേയും കുറിച്ച് ഉണ്ടാകേണ്ട പാരിസ്ഥിതിക അവബോധമാണ് ഹരിത സാക്ഷരത.

#ഭൂമിയേയും അതിലുള്ള പ്രകൃതി വിഭവങ്ങളേയും സംരക്ഷിക്കുന്നതിലും, വരും തലമുറയ്ക്കുകൂടി ഉപയുക്തമാകും വിധം ഉപയോഗിക്കുന്നതിലും ഉത്തരവാദിത്വത്തോടെയുള്ള പെരുമാറ്റങ്ങളാണ് ഒരാളുടെ ഹരിത സാക്ഷരതയുടെ സൂചകം.