കോട്ടയം: നാടിനെ നടുക്കിയ കുറവിലങ്ങാട് വാഹനാപകടത്തില്‍ മരിച്ച അഞ്ചുപേര്‍ക്കും ഹൃദയം നുറുങ്ങിയ വേദനയോടെ വീട്ടുകാരും നാട്ടുകാരും വിടചൊല്ലി. തിരുവാതുക്കല്‍ ഉള്ളാട്ടില്‍ കെ.കെ.തമ്പി(68), ഭാര്യ വല്‍സല(65), തമ്പിയുടെ മകന്‍ പ്രവീണിന്റെ ഭാര്യ പ്രഭ(40), മകന്‍ അര്‍ജുന്‍(അമ്പാടി-19), പ്രഭയുടെ അമ്മ തിരുവാതുക്കല്‍ ആലുന്തറ ഉഷ (60) എന്നിവരുടെ മൃതദേഹങ്ങള്‍ ഞായറാഴ്ച ഒരേ ശ്മശാനത്തില്‍ സംസ്‌കരിച്ചു.

പ്രിയപ്പെട്ടവരെ അവസാനമായി കാണാന്‍ ഞായറാഴ്ച തിരുവാതുക്കലിലെ വീട്ടിലേക്ക് ആളുകളെത്തി. മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍നിന്ന് മൃതദേഹങ്ങള്‍ രാവിലെ ഏഴരയോടെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ഏറ്റുവാങ്ങി. അഞ്ച് ആംബുലന്‍സുകളിലായാണ് മൃതദേഹം കൊണ്ടുവന്നത്.

വരുന്നവഴിക്ക് തിരുവാതുക്കല്‍ ആലുന്തറ വീട്ടില്‍ 10 മിനിറ്റോളം ഉഷയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു.പിന്നീട് എല്ലാവരുടെയും മൃതദേഹങ്ങള്‍ തിരുവാതുക്കലെ വീടിന് സമീപം പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ എത്തിച്ചു. അഞ്ചുപേരുടെയും മൃതദേഹം എത്തിച്ചതോടെ ദുഃഖം അണപൊട്ടി.

തമ്പിയുടെയും വല്‍സലയുടെയും മക്കളായ പ്രവീണും ഇന്ദുലേഖയും നിറകണ്ണുകളോടെ സാക്ഷികളായി. മതചടങ്ങുകള്‍ക്കുശേഷം 11.15-ഓടെ അഞ്ച് മൃതദേഹങ്ങളും വേളൂര്‍ എസ്.എന്‍.ഡി.പി. യോഗം 31-ാം നമ്പര്‍ ശ്മശാനത്തില്‍ സംസ്‌കരിച്ചു. പ്രവീണും ഉഷയുടെ അനുജത്തി ലതയുടെ മകന്‍ വൈശാഖും ചേര്‍ന്ന് അന്ത്യകര്‍മങ്ങള്‍ ചെയ്തു.