കോട്ടയം: വെള്ളിയാഴ്ച ഉച്ചയ്ക്ക് യാത്രപറഞ്ഞ് പിരിഞ്ഞതാണ്, തിങ്കളാഴ്ച കാണാമെന്ന്. പക്ഷേ ഇപ്പോള്‍ ഈ മോര്‍ച്ചറിക്ക് മുന്നില്‍ അവന്റെ ജീവനില്ലാത്തമുഖം... കുട്ടികള്‍ക്ക് കണ്ണീരടക്കാന്‍ കഴിഞ്ഞില്ല. കാളികാവ് അപകടത്തില്‍ മരിച്ച അര്‍ജുന്റെ കൂട്ടുകാരെല്ലാം മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്ത് എത്തിയിരുന്നു.

മണര്‍കാട് സെന്റ് മേരീസ് ഐ.ടി.ഐ.യിലായിരുന്നു അര്‍ജുന്‍ പഠിച്ചിരുന്നത്. ഒന്നാം വര്‍ഷ ഇലക്ട്രീഷ്യന്‍ ട്രേഡ്. കൂട്ടുകാര്‍ക്ക് പ്രിയങ്കരനായിരുന്നു അവന്‍. മികച്ച ഡ്രൈവറും. നന്നായി വണ്ടി ഓടിച്ചിരുന്നതായി അവരെല്ലാം പറയുന്നു.

അടുത്തകാലത്ത് കൂട്ടുകാരെല്ലാംകൂടി വാഗമണില്‍ പോയിരുന്നു. അര്‍ജുനാണ് വണ്ടി ഓടിച്ചിരുന്നത്.

സുരക്ഷിതമായി വാഹനം ഓടിക്കുന്നതില്‍ അവന്‍ മിടുക്കനായിരുന്നുവെന്ന് കൂട്ടുകാര്‍. ഉറങ്ങിപ്പോയതാകാം കാരണം. ബന്ധുവിന്റെ നൃത്തം അരങ്ങേറ്റത്തിന് പോകുന്നു എന്ന് പറഞ്ഞിരുന്നു. തിങ്കളാഴ്ച അവനില്ലാത്ത പാഠശാലയാണുള്ളതെന്ന് അവര്‍ക്ക് വിശ്വസിക്കാനാകുന്നില്ല.