കോട്ടയം: പദ്മഭൂഷണ്‍ നേടിയശേഷം ഇതാദ്യമായി ആത്മീയാചാര്യന്‍ ശ്രീഎം കോട്ടയത്തെത്തി. മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ടി.കെ.ജയകുമാറിന്റെ വീട്ടില്‍ താമസിക്കുന്ന അദ്ദേഹത്തെ കാണാന്‍ ശനിയാഴ്ച ഉച്ചകഴിഞ്ഞ് ഒട്ടേറെപ്പേരാണെത്തിയത്.

ശ്രീഎം വൈകുന്നേരം മള്ളിയൂര്‍ ശ്രീ മഹാഗണപതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഭാഗവത ഏകോനശതക്രതു നവാഹയജ്ഞത്തിന്റെ സമര്‍പ്പണപ്രഭാഷണം നിര്‍വഹിച്ചു. ഞായറാഴ്ച രാവിലെ 10-നും അദ്ദേഹം യജ്ഞവേദിയില്‍ പ്രഭാഷണം നടത്തും. 4.30-ന് കോട്ടയം പ്രസ് ക്ലബ്ബില്‍ പൗരസ്വീകരണം. തിങ്കളാഴ്ച 5.30-ന് കോട്ടയം മാമ്മന്‍മാപ്പിള ഹാളിലെ പരിപാടിയില്‍ അദ്ദേഹം പങ്കെടുക്കും. മാനവ ഏകതാ മിഷനാണ് സംഘാടകര്‍.