കാഞ്ഞിരപ്പള്ളി: നാലുമാസംമാത്രം പ്രായമുള്ള ആണ്‍കുഞ്ഞ് മരിച്ചത് ശ്വാസംമുട്ടിയാണെന്ന് മൃതദേഹപരിശോധനാ റിപ്പോര്‍ട്ട്. കൂവപ്പള്ളി കളപ്പുരയ്ക്കല്‍ റിജോ കെ.ബാബു-സൂസന്‍ ദമ്പതിമാരുടെ മകന്‍ ഇഹാനെ ശനിയാഴ്ച ഉച്ചയ്ക്ക് 12-ഓടെയാണ് വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കുട്ടിയും മാനസികാസ്വാസ്ഥ്യത്തിന് ചികിത്സതേടുന്ന അമ്മയും വീട്ടില്‍ തനിച്ചുള്ളപ്പോഴാണ് സംഭവം. കുട്ടിയ്ക്ക് അനക്കമില്ലാതെ കിടക്കുകയാണെന്ന് സൂസനാണ് റിജോയെ വിളിച്ച് അറിയിച്ചത്. റിജോ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് വാര്‍ഡംഗം സ്ഥലത്തെത്തിയപ്പോള്‍ കുട്ടിക്ക് അനക്കമില്ലായിരുന്നു. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും മരണം സ്ഥിരീകരിക്കുകയും ചെയ്തു.

കുട്ടിയുടെ മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു.

തിങ്കളാഴ്ച പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷം കൂടുതല്‍ അന്വേഷണം നടത്തും.

അമ്മയുടെ മൊഴിയെടുക്കും. കുട്ടിയുടെ മരണശേഷം കൂടുതല്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച അമ്മയെ പോലീസ് നിരീക്ഷണത്തില്‍ മാനസിക ചികിത്സാകേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. അമ്മ സാധാരണരീതിയിലേക്ക് മടങ്ങിയശേഷമേ കൂടുതല്‍ കാര്യങ്ങള്‍ അറിയാനാകൂ എന്നും പോലീസ് പറഞ്ഞു. ഞായറാഴ്ച 4.30-തോടെ കുട്ടിയുടെ മൃതദേഹം കൂവപ്പള്ളി പൂമറ്റം സെന്റ് തോമസ് പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചു.