കോട്ടയം: നഗരത്തിലെ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ മുതല്‍ വഴിയോരക്കച്ചവടകേന്ദ്രങ്ങളില്‍വരെ തുണി സഞ്ചികളും പേപ്പര്‍ കവറുകളും തിരികെയെത്തിക്കഴിഞ്ഞു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ നിരോധനം നിലവില്‍വന്ന പുതുവര്‍ഷ ദിനം മുതല്‍ ബദല്‍ സംവിധാനങ്ങള്‍ വ്യാപകമായിട്ടുണ്ട്.

ഇറച്ചിയും മത്സ്യവും വാങ്ങുന്നതിന് പാത്രങ്ങളുമായി എത്തുന്നുണ്ടെന്ന് മത്സ്യഫെഡ് ജീവനക്കാരും കോടിമത ചന്തയിലെ വില്‍പ്പനക്കാരും സാക്ഷ്യപ്പെടുത്തുന്നു. മത്സ്യവ്യാപാര സ്ഥാപനങ്ങളില്‍ പേപ്പര്‍ കവറുകള്‍ ഉപയോഗിക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുള്ളതിനാല്‍ കമ്പോസ്റ്റബിള്‍ കവറുകളാണ് കൂടതലായി ഉപയോഗിക്കുന്നത്. ചന്തയില്‍ തേങ്ങ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ കട്ടിയുള്ള പേപ്പര്‍ കവറുകളില്‍ പൊതിഞ്ഞാണ് കൊടുക്കുന്നത്. പച്ചക്കറി കച്ചവടക്കാരും പ്ലാസ്റ്റിക്കിനു പകരം തുണിസഞ്ചി നല്‍കിത്തുടങ്ങിക്കഴിഞ്ഞു.

പേപ്പര്‍ ബാഗുകള്‍ക്ക് പ്രിയമേറി

കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ പേപ്പര്‍ ബാഗുകള്‍ക്ക് 10 ശതമാനം വരെ വില്‍പ്പന അധികരിച്ചിട്ടുണ്ടെന്ന് ചിങ്ങവനം ആല്‍ഫാ പേപ്പര്‍ േപ്രാഡക്ടസ് ഉടമ ബിജു പി.മാത്യു പറയുന്നു.

പേപ്പര്‍ ബാഗിന് ഒന്നിന് അഞ്ച് രൂപാ മുതല്‍ ലഭ്യമാണ്. ഇതിന് പുറമേ പത്രക്കടലാസ് ഉപയോഗിച്ചുള്ള കവറുകളും വില്‍പ്പനയ്ക്കുണ്ട്.

തുണിസഞ്ചിക്ക് 10 രൂപ

പല സൂപ്പര്‍ മാര്‍ക്കറ്റുകളിലും തുണിസഞ്ചികള്‍ വില്‍പ്പനയ്ക്കുണ്ട്. പത്തു രൂപ മുതലാണ് വില. തുണി സഞ്ചികള്‍ക്ക് പുറേമ പേപ്പര്‍ ബാഗുകളും കൂടുതല്‍ ഉപയോഗത്തില്‍ വന്നിട്ടുണ്ട്. ആവശ്യക്കാര്‍ ഏറിയ സാഹചര്യത്തില്‍ തുണിസഞ്ചി നിര്‍മാണത്തില്‍ സ്വകാര്യ വ്യക്തികളും സജീവമാണ്. ഓര്‍ഡര്‍ അനുസരിച്ച് സഞ്ചികള്‍ തയ്യാറാക്കി നല്‍കുന്നവരുെട എണ്ണം വര്‍ധിക്കാന്‍ കാരണവും ഉപഭോക്താക്കളുടെ എണ്ണം വര്‍ധിച്ചതാണ്.

ഉപഭോക്താക്കളില്‍ ഏറെപ്പേരും തുണിസഞ്ചിയുമായാണ് വരുന്നതെന്ന് കച്ചവടക്കാര്‍ പറയുന്നു. സഞ്ചി കൊണ്ടുവരാത്തവര്‍ക്ക് മിതമായ നിരക്കില്‍ തുണിസഞ്ചി വാങ്ങാനുള്ള അവസരവും കടകളില്‍ ഉണ്ട്. സഞ്ചിയുമായെത്തുന്നവര്‍ക്ക് ബില്‍ തുകയില്‍ ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്യുന്ന സ്ഥാപനങ്ങളുമുണ്ട്. ഇനിയപ്പോള്‍ അതിന് താത്പര്യമില്ലാത്തവര്‍ക്ക് കടയില്‍ നിശ്ചിത തുക നല്‍കി താത്കാലികമായി സഞ്ചി കൊടുക്കും. ഈ ബാഗ് മടക്കിക്കൊടുക്കുമ്പോള്‍ മുന്‍കൂറായി നല്‍കുന്ന തുക മടക്കിക്കിട്ടും.

പരിശോധന ശക്തമാകും

നിരോധനം കര്‍ശനമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പരിശോധനകള്‍ നടത്തുന്നുണ്ട്. പ്ലാസ്റ്റിക് നിരോധനം കര്‍ശനമാക്കുന്നതിന്റെ ഭാഗമായി 15 മുതല്‍ ജില്ലയില്‍ വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധന ഊര്‍ജിതമാക്കും.