കോട്ടയം: ദാസേട്ടന്റെ പാട്ടുകൾ എല്ലാം ഇഷ്ടം. ഏറ്റവും ഇഷ്ടമുള്ള പാട്ട് ഏതെന്ന് ചോദിച്ചാൽ പെട്ടെന്ന് ഉത്തരം പറയാൻ കഴിയില്ല. എന്നാൽ ചിലർ ചോദിക്കും അദ്ദേഹത്തിന്റെ ഇഷ്ടപ്രണയഗാനമേതെന്ന്. അതിന് ഞാൻ പാടിക്കൊടുക്കുന്ന മറുപടി ഇതാണ്.
‘‘ മൗനം സ്വരമായ് എൻ പൊൻവീണയിൽ
സ്വപ്നം മലരായ് ഈ കൈക്കുമ്പിളിൽ
ഉണരും സ്മൃതിയലയിൽ ആരോ സാന്ത്വനമായ്
മുരളികയൂതി ദൂരെ ആ...... ഉം...ഉം..ഉം....
ജന്മം സഫലം എൻ ശ്രീരേഖയിൽ
സ്വപ്നം മലരായ് ഈ കൈക്കുമ്പിളിൽ
അറിയാതെയെൻ തെളിവേനലിൽ ...’’
ഇന്ന് 80-ാം വയസ്സിലേക്ക് കടക്കുന്ന ദാസേട്ടന് ഞാൻ മനസ്സാലേ എല്ലാ പിറന്നാൾ ആശംസകളും നേരുന്നു. ഒപ്പം എന്റെ സംഗീത ജീവിതത്തിന് നല്ലതുടക്കമിട്ട സംഗീത ചക്രവർത്തിക്ക് മുന്നിൽ തല കുന്പിടുന്നു.
ദാസേട്ടന്റെ കാലിൽതൊട്ട് അനുഗ്രഹം വാങ്ങി തുടക്കംകുറിച്ച എന്റെ സംഗീതജീവിതം ഇന്നും അദ്ദേഹത്തിന്റെ ഗുരുത്വത്തിലാണ് മുന്നേറുന്നത്. ഇപ്പോഴും എന്നെ ഫോണിൽക്കൂടി സംഗീതം പഠിപ്പിക്കാറുണ്ട്്. നീ മാത്രമേയുള്ളൂ എന്റെ ശിഷ്യയെന്ന് പറയും ദാസേട്ടൻ. വൈക്കം ടി.ബി. ഹാളിൽ വെച്ച് എന്റെ ആറാം വയസ്സിൽ ദാസേട്ടന് ഗുരുദക്ഷിണ നൽകിയാണ് എന്റെ സംഗീതജീവിതം തുടക്കമിടുന്നത്. അന്ന് അദ്ദേഹത്തിന് മുന്നിൽ തോടിരാഗത്തിലുള്ള ‘തായേ യശോധേ’ എന്ന പാട്ടാണ് പാടിയത്. രണ്ട് വർഷം മുന്പ് പ്രശസ്തമായ തിരുവയ്യാർ ത്യാഗരാജ സംഗീതാരാധനയിൽ ഗായത്രി വീണയിൽ രണ്ടുപാട്ട് പാടൻ അവസരം തന്നത് ദാസേട്ടനാണ്. പലവട്ടം മദ്രാസിൽ ദാസേട്ടന്റെ വീട്ടിൽ പോയിട്ടുണ്ട്.
അപ്പോഴൊക്കെ എന്നോട് പറയും. ‘ഒരിക്കൽ ഞാൻ നിന്റെ വീട്ടിൽ വരുമെന്ന്’. ഇത്രയും തിരക്കുള്ള ദാസേട്ടൻ വരുമെന്ന് കരുതിയതേയില്ല. പക്ഷേ 2017-ൽ ദാസേട്ടൻ വൈക്കത്തെ എന്റെ വീട്ടിൽ വന്നു. അന്ന് ഞാൻ എന്റെ അച്ഛൻ ഉണ്ടാക്കിയ ഗായത്രിവീണ സമ്മാനമായി നൽകി. ഒരിക്കൽ ദാസേട്ടൻ എനിക്ക് സമ്മാനം തന്നത് ഒരു വയലിൻ. 2018-ൽ എന്റെ വിവാഹത്തിന് വൈക്കം േക്ഷത്രത്തിലും ദാസേട്ടൻ വന്നു. ഈ നിമിഷങ്ങളൊക്കെ സംഗീതം പരസ്പരം കൈമാറുന്ന സന്തോഷമാണ് തരുന്നത്.