
കോട്ടയം: നോക്കുവിദ്യാപാവകളി കലാകാരിയെത്തേടി പദ്മശ്രീ എത്തിയതറിഞ്ഞ് നാട്ടുകാരും ബന്ധുക്കളും മോനിപ്പള്ളി മൂഴിക്കല്‍ വീട്ടിലേക്ക് വന്നുകൊണ്ടിരുന്നു. എല്ലാവരും അഭിനന്ദിച്ചപ്പോള്‍ എണ്‍പത്തുനാലുവയസ്സുള്ള എം.എസ്.പങ്കജാക്ഷി സ്‌നേഹത്തോടെ ചിരിച്ചു.'എനിക്ക് വലിയ സന്തോഷമുണ്ട്. രാജ്യം അംഗീകരിക്കുന്നതില്‍'-മാതൃഭൂമിയോട് പങ്കജാക്ഷി സന്തോഷം പങ്കുവെച്ചു.
വേലന്‍ വിഭാഗക്കാര്‍ക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്ന പാരന്പര്യ കലാരൂപവുമായി പങ്കജാക്ഷി പരിചയപ്പെടുന്നത് 11-ാം വയസ്സില്‍. ഓണക്കാലത്ത് വീടുകളില്‍ പോയാണ് പാവകളി നടത്തുക. 'കിണ്ണം കറക്കല്‍ എന്നൊരു ഇനമുണ്ടായിരുന്നു. ഒരു കന്പിന് പുറത്ത് കിണ്ണംവെച്ച് പ്രത്യേകരീതിയില്‍ തട്ടി കൈയില്‍ കൊണ്ടുവരും. ആ കിണ്ണത്തിലേക്കാണ് കാഴ്ചക്കാര്‍ പണം നല്‍കുക.'-പങ്കജാക്ഷി പറയുന്നു. പാട്ടിനും തുടിതാളത്തിനുമൊപ്പം ശരീരം മെല്ലെ ചലിപ്പിച്ച് ചെയ്യുന്ന നോക്കുവിദ്യാപാവകളിയില്‍, ഭര്‍ത്താവ് എം.എസ്.ശിവരാമപ്പണിക്കര്‍ വന്നതോടെയാണ് വ്യത്യസ്തത തിരിച്ചറിഞ്ഞത്. രാമായണം, മഹാഭാരതം കഥകള്‍ക്ക് പുറമേ പുതിയ കഥകള്‍ അദ്ദേഹം എഴുതിച്ചേര്‍ത്തു. ഓരോ ഓണക്കാലത്തും പുതിയ പാവകളും കഥകളും കുട്ടിച്ചേര്‍ക്കുമ്പോള്‍ കലാകാരിയും വളര്‍ന്നു. കേരളത്തിലെ വേദികള്‍ പിന്നിട്ട് ഡല്‍ഹി, െബംഗളൂരു, പാരീസ് എന്നിവിടങ്ങളിലേക്ക് കലാരൂപവുമായി പോയി.
കുടുംബത്തിലെ സ്ത്രീകളാണ് പാവകളി നടത്തിയിരുന്നത്. പാട്ടും താളവും പുരുഷന്മാരുടേതാണ്. ഭര്‍ത്താവും പിന്നീട് മകനും താളവുമായി ഒപ്പം ചേര്‍ന്നു. ഏകമകള്‍ രാധാമണി പാരന്പര്യത്തുടര്‍ച്ചയുടെ കണ്ണിയായില്ല. എന്നാല്‍, പത്തുവര്‍ഷം മുന്പ് രാധാമണിയുടെ മകള്‍ രഞ്ജിനി പാവകളി പഠിച്ചു.
കൊച്ചി ബോള്‍ഗാട്ടി പാലസില്‍, വിദേശീയര്‍ അടക്കമുള്ള നിറഞ്ഞ സദസ്സില്‍ അമ്മൂമ്മ പാവകളി നടത്തുമ്പോള്‍ രഞ്ജിനി വീര്‍പ്പടക്കിയിരുന്നു. അന്ന് വിദേശികള്‍ അമ്മൂമ്മയെ ചേര്‍ത്തുപിടിച്ച് അനുമോദിച്ചപ്പോള്‍ കൊച്ചുമകള്‍ രഞ്ജിനി പാവകളി പഠിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ, പുതിയ പാവകളും കഥകളുമായി. ഈ കലാരൂപം തലമുറകളിലേക്ക് വളരുകയാണ്. ഫോക്ലോര്‍ അക്കാദമി ഈ കലാകാരിയെ അവാര്‍ഡ് നല്‍കി ആദരിച്ചിട്ടുണ്ട്.
ഉരുളികുന്നം മൂഴിക്കല്‍ പരേതരായ എം.കെ.ശങ്കരന്റെയും പാപ്പിയമ്മയുടെയും മൂത്തമകളായ പങ്കജാക്ഷിയുടെ മറ്റ് മക്കള്‍: വിജയന്‍, ശിവന്‍.
നോക്കുവിദ്യാപാവകളി എന്നാല്‍....
മൂക്കിന് താഴെ, മേല്‍ച്ചുണ്ടിന് മേലേ ശ്രദ്ധയോടെ പിടിച്ച, കമുങ്ങിന്റെ വാരികൊണ്ട് ചെത്തിമിനുക്കിയ ചെറിയ കന്പ്. അതിന് മുകളില്‍ പല തരം പാവകള്‍. കൈയിലെ നൂലില്‍പിടിച്ച് പാവകളെ ചലിപ്പിച്ചാണ് കഥ അവതരിപ്പിക്കുന്നത്. മറ്റൊരാള്‍ തുടികൊണ്ട് ഈണം പിടിക്കും.
പിന്നണിക്കാരനുമുണ്ട്. ആ താളത്തിനൊപ്പം ഗരുഡന്‍, ഭീമന്‍, കൃഷ്ണന്‍...പലവിധ പാവകള്‍ കലാകാരിയുടെ േമല്‍ച്ചുണ്ടിലിരുന്ന് ചലിക്കും. പാവകള്‍ വീണുപോയേക്കുമെന്ന് തോന്നും. എന്നാല്‍, കഥയും കലാരൂപവുമായി കൈയ്മെയ് മറന്ന് ബന്ധപ്പെട്ടുനില്‍ക്കുന്നതിനാല്‍ ഒരിക്കലും അങ്ങനെ സംഭവിക്കില്ല. അദ്ഭുതക്കാഴ്ചയാണിത്.