കടുത്തുരുത്തി: നിരവധി പരിപാടികളുടെ ക്ഷീണം മറന്ന് നടന്നും വള്ളത്തില്‍ കയറിയും മന്ത്രി മാലിക്കരി പാടശേഖരത്തിലെത്തി. കല്ലറ കൃഷി ഭവനും പഞ്ചായത്തും ചേര്‍ന്ന് 426 ഏക്കറില്‍ നടത്തുന്ന നെല്‍കൃഷി വിതയ്ക്കായാണ് മന്ത്രിയെത്തിയത്.
 
വാഹനത്തില്‍ നിന്നുമിറങ്ങി അരകിലോമീറ്റര്‍ നടന്നതിനുശേഷം മോട്ടോര്‍ ഘടിപ്പിച്ച വള്ളത്തില്‍ അരമണിക്കൂറോളം യാത്ര ചെയ്താണ് പാടത്ത് എത്തിയത്. വള്ളത്തില്‍ യാത്ര ചെയ്തപ്പോള്‍ ജനിച്ചുവളര്‍ന്ന ഗ്രാമാന്തരീക്ഷത്തിന്റെ ഓര്‍മ്മകള്‍ കൂടെയുള്ളവരുമായി പങ്കുവെച്ചു.
 
പാടശേഖരത്തിന്റെ വശത്തായിട്ടാണ് മന്ത്രിക്ക് നെല്ല് വിത്തെറിയുന്നതിന് സംഘാടകര്‍ സൗകര്യമൊരുക്കിയിരുന്നത്. മുണ്ടുമടക്കി കുത്തി തലയില്‍ തോര്‍ത്തും ചുറ്റി കുട്ടയില്‍ നിറച്ച വിത്തുമായി ഉഴുതു മറിച്ച പാടത്തേക്ക് മന്ത്രി ഇറങ്ങുകയായിരുന്നു. മന്ത്രി പാടത്തേക്ക് ഇറങ്ങിയതോടെ മടിച്ച് നിന്നവരും പാടത്തിറങ്ങി. തുടര്‍ന്ന് കര്‍ഷക്ക് വിതക്കുന്നതിനുള്ള വിത്തുകള്‍ കൈമാറി.
 
പഞ്ചായത്തും എം.എല്‍.എ.യും റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ ആവശ്യമായ ഫണ്ട് അനുവദിക്കുമെന്ന് മന്ത്രിയുടെ ഉറപ്പു വന്നു. സി.കെ.ആശ എം.എല്‍.എ., സഖറിയാസ് കുതിരവേലി, അന്നമ്മ രാജു, ജമീല പ്രദീപ്, ജോസഫ് റഫ്രിന്‍ ജെഫ്രി എന്നിവരും മന്ത്രിക്കൊപ്പം പാടത്തിറങ്ങി.