കാഞ്ഞിരപ്പള്ളി: ഉപയോഗത്തിനുശേഷം പ്ലാസ്റ്റിക് വലിച്ചെറിഞ്ഞുകളയുന്നതാണ് നമ്മുടെ പതിവ്. എന്നാല്‍ ഈ പ്ലാസ്റ്റിക് കുപ്പികളും പാത്രങ്ങളും ശേഖരിച്ച് വീടിന് മുറ്റത്ത് പൂന്തോട്ടമൊരുക്കി മാതൃകയാവുകയാണ് കുളപ്പുറം സ്വദേശി മുണ്ടപ്ലാക്കല്‍ ആന്റണി. റോഡരികുകളിലും വീടുകളുടെ പരിസരങ്ങളുമായി ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് കുപ്പികളിലും പാത്രങ്ങളിലുമാണ് ചെടികള്‍ നട്ട് വളര്‍ത്തിയിരിക്കുന്നത്.

ഒന്നര വര്‍ഷം മുമ്പ് ആരംഭിച്ച പൂന്തോട്ടത്തില്‍ ഇന്ന് അഞ്ഞൂറോളം ചെടികള്‍ പ്ലാസ്റ്റിക് കുപ്പികളിലായി നട്ടുപിടിപ്പിച്ചിട്ടുണ്ട് ആന്റണി. ചെടിച്ചട്ടി വാങ്ങി വലിയ തുക മുടക്കി പൂന്തോട്ടമൊരുക്കുന്ന സമൂഹത്തില്‍നിന്ന് ചെലവ് കുറഞ്ഞതും പരിസ്ഥിതിയെ സംരക്ഷിക്കുന്നതുമായ ആന്റണിയുടെ പൂന്തോട്ടം വ്യത്യസ്തമായിരിക്കുന്നത്.

ഇലച്ചെടികളാണ് തോട്ടത്തില്‍ കൂടുതലായുള്ളത്. ഇരുന്നോറോളം ഇനം ചെടികള്‍ പൂന്തോട്ടത്തിലുണ്ട്. നാടന്‍ചെടികളാണ് കൂടുതലും നട്ടിരിക്കുന്നത്. കൃഷിയില്‍ ഏറെ താല്പര്യമുള്ള ഇദ്ദേഹം പുരയിടത്തിനോട് ചേര്‍ന്ന് പച്ചക്കറികൃഷിയും നടത്തുന്നുണ്ട.് കുമ്പളം, മത്തന്‍, വെണ്ട, ചീര എന്നിവയും തോട്ടത്തിലുണ്ട്.

മികച്ച ചെറുകിട കര്‍ഷകനുള്ള പാറത്തോട് പഞ്ചായത്തിന്റെയും കൂവപ്പള്ളി സഹകരണ ബാങ്കിന്റെയും അവാര്‍ഡുകളും കരസ്ഥമാക്കിയിട്ടുണ്ട്. കൂവപ്പള്ളി സെന്റ് ജോസഫ് ദേവാലയത്തിലെ ശുശ്രൂഷകനായ ഇദ്ദേഹം ജോലി കഴിഞ്ഞുള്ള സമയത്തുള്ള കൃഷിക്കും മറ്റുമായി സമയം കണ്ടെത്തുന്നത്. എല്ലാവര്‍ക്കും ചുരങ്ങിയ സമയത്തിനുള്ളിലും കുറഞ്ഞ ചെലവിലും പരിസ്ഥിതിസംരക്ഷണത്തിനായി മാതൃകയാക്കാവുന്ന ശൈലിയാണിത്. ഒരോ വീട്ടിലും ഇത്തരത്തിലുള്ള ചെറിയ പൂന്തോട്ടങ്ങള്‍ ഒരുക്കിയാല്‍ നമ്മുടെ പറമ്പുകളില്‍നിന്ന് പ്ലാസ്റ്റിക്കിനെ ഒരുപരിധിവരെ മാറ്റിനിര്‍ത്താനാകുമെന്ന് ആന്റണി പറയുന്നു.