എരുമേലി: എരുമേലി എംബസി ഹോട്ടൽ ഉടമ പനച്ചിയിൽ പി.എ.സലീമിന്റെ എംബസി എന്ന ബസ് വെള്ളിയാഴ്ച സർവീസ് നടത്തിയത് പ്രളയദുരിതം നേരിടുന്നവർക്ക് ഒരു കൈത്താങ്ങാവുന്നതിനായിരുന്നു. ഒരുദിവസത്തെ കളക്ഷൻ പ്രളയദുരിതം നേരിടുന്നവർക്ക് നൽകാനുള്ള ഉടമയുടെ ആഗ്രഹത്തിന് ബസിലെ ജീവനക്കാരും യാത്രക്കാരും പൂർണ സഹകരണമേകി.

ജീവനക്കാർ ഒരു ദിവസത്തെ തങ്ങളുടെ വേതനം ദുരിതബാധിതർക്കായി മാറ്റിവെച്ചപ്പോൾ ബസിലെ യാത്രക്കാരും കഴിയുന്നപോലെ സഹകരിച്ചു. മുണ്ടക്കയം-എരുമേലി-റാന്നി റൂട്ടിലാണ് ബസ് സർവീസ് നടത്തുന്നത്.

സമാഹരിക്കുന്ന തുക ഉപയോഗിച്ച് മറ്റു സുമനസ്സുകളുടെ സഹായത്തോടെ ദുരിതബാധിതർക്കാവശ്യമായ നിത്യോപയോഗ സാധനങ്ങൾ വാങ്ങി നേരിട്ട് വിതരണം ചെയ്യുമെന്ന് ഉടമയുടെ മകൻ ഷെമീസ് പറഞ്ഞു. കഴിഞ്ഞ പ്രളയകാലത്തും ഒരു ദിവസം ബസ് ഓടിയത് ദുരിതബാധിതരെ സഹായിക്കാനായിരുന്നു.