കോട്ടയം: ലോക്ഡൗണ്‍ കാലം ബോറടിപ്പിച്ചോയെന്ന് ചോദിച്ചാല്‍ 'നോ' പറയും കോട്ടയം ബി.സി.എം. കോളേജ് ഇംഗ്‌ളീഷ് വിഭാഗം അസിസ്റ്റന്റ്‌ െപ്രാഫസര്‍ ഫിയോന എലിസബത്ത് ജോഷി. കാരണം ലോക്ഡൗണ്‍ കാലത്താണ് വിദ്യാര്‍ഥികളുടെ പ്രിയപ്പെട്ട മിസ് സൈക്കിളോടിക്കാന്‍ പഠിച്ചത്. പണ്ടുമുതലേ സൈക്കിളോടിക്കാന്‍ കൊതിയായിരുന്നു ടീച്ചര്‍ക്ക്.

പക്ഷേ, 42-ാംവയസ്സില്‍ ലോക്ഡൗണ്‍ കാലത്താണ് അതിന് അവസരം ഒരുങ്ങിയതെന്നുമാത്രം. വെറുതേ വീട്ടിലിരുന്നപ്പോള്‍ പതിനൊന്നാം ക്‌ളാസുകാരന്‍ മകന്റെ സൈക്കിള്‍ചവിട്ടി പഠിച്ചുതുടങ്ങി. കോട്ടയം ഈരയില്‍ക്കടവ് കുന്നംകടത്ത് വീടിന് മുന്‍പിലെ കൊച്ചുറോഡില്‍ ഒറ്റ വാഹനങ്ങളില്ല. ആദ്യം വീടിനുമുന്‍പിലൂടെ സൈക്കിള്‍ ചവിട്ടി. 'ഓക്കെ'യാണെന്ന് ഉറപ്പായപ്പോള്‍ അല്പംകൂടി തിരക്കുള്ള റോഡിലിറങ്ങി. അപ്പോഴൊക്കെ എന്‍ജിനീയറായ ഭര്‍ത്താവ് രാകേഷ് ജെയിംസും പൂര്‍ണ പിന്തുണ നല്‍കി. പലപ്പോഴായി കൊച്ചുദൂരങ്ങള്‍. അപ്പോഴേക്കും 50,000 രൂപ വിലയുള്ള സൈക്കിള്‍ വാങ്ങാനുള്ള ധൈര്യം ചവിട്ടിക്കയറിവന്നു.

സൈക്കിളിങ് പാഷനായി കാണുന്ന ഫിയോനയെയും എന്‍ജീനീയറായ ഭര്‍ത്താവ് രാകേഷ് ജെയിംസിനെയുംതേടി കോട്ടയം സൈക്കിള്‍ േപ്രമികളെത്തി. കോട്ടയം സൈക്കിളിങ് ക്‌ളബ്ബില്‍ അംഗമാക്കി. ഇപ്പോള്‍ ഞായറാഴ്ചകളില്‍ ക്‌ളബ്ബ് അംഗങ്ങള്‍ക്കൊപ്പം ദീര്‍ഘദൂരം സൈക്കിളിങ് നടത്താറുണ്ട് ഫിയോനയും രാകേഷും. ചിലപ്പോള്‍ 100 കിലോമീറ്റര്‍വരെ. ഞായറാഴ്ചകളില്‍ അത്രയുംദൂരം ചവിട്ടി അല്പം പ്രകൃതിസൗന്ദര്യമുള്ള ഇടങ്ങളില്‍ എത്തിപ്പെടുകയെന്നത് ഒരുഹരമായി ടീച്ചര്‍ക്ക്.

ദിവസം കുറഞ്ഞത് 20 കിലോമീറ്റര്‍ ചിട്ടയായി ചവിട്ടാറുണ്ട്. എന്നാലും, ഗിയറുള്ളതുകൊണ്ട് അതത്ര ബുദ്ധിമുട്ടിക്കാറില്ല. ശരീരത്തിന് വലിയ ആയാസം കൊടുക്കാതെ വ്യായാമംചെയ്യാവുന്ന രീതിയാണ് സൈക്കിള്‍ സവാരിയെന്നും ഫിയോന.

ഒരു സൈക്കിള്‍പോലും നേരേചൊവ്വേ ഉരുട്ടാന്‍ അറിയില്ലെങ്കിലും ലോക്ഡൗണില്‍ സൈക്കിളിലേറിയ ഫിയോനയ്ക്ക് ഇനി ഒരു സ്വപ്നസഞ്ചാരം നടത്താനുണ്ട്. 100, 200, 300, 600 കിലോമീറ്റര്‍ ചവിട്ടി േബ്രവ് കടമ്പകള്‍ മുന്നേറുക. ശേഷം പാരീസില്‍ നടക്കുന്ന സൂപ്പര്‍ രാന്‍ഡേവര്‍ സൈക്കിളിങ്ങില്‍ എത്തിപ്പെടുക. ഈ പ്രായത്തില്‍ ടീച്ചര്‍ എന്തിനാണ് ഈ സൈക്കിള്‍ ചവിട്ടി പോകുന്നതെന്ന് ചോദിക്കുന്നവരുണ്ട്. ഇനി കോളേജ് തുറക്കുമ്പോള്‍ കാമ്പസിലെ സൈക്കിള്‍ ക്‌ളബ്ബിന് പുതിയ ഊര്‍ജമാകാനും ടീച്ചര്‍ക്ക് കഴിയും.

മുന്പ് കോളേജിലെ സൈക്കിള്‍ റാലിക്കാര്‍ക്കൊപ്പം കാറില്‍ പൊയ്ക്കോണ്ടിരുന്ന ടീച്ചര്‍ ഇനി അവര്‍ക്കൊപ്പം സൈക്കിളില്‍ ഒപ്പമുണ്ടാകും. 'ഒരു ലോക്ഡൗണ്‍ ഒരാളെ എങ്ങനെയൊക്കെ മാറ്റാം, അല്ലേ'യെന്ന് ടീച്ചര്‍. സൈക്കിളിങ്ങില്‍ ധൈര്യമായി മക്കള്‍ ഡെറെക്കും ഡാനേലും അമ്മയ്ക്ക് കട്ട സപ്പോര്‍ട്ടായിട്ടുണ്ട്.