ananthakrishnan
അപകടത്തിൽ മരിച്ച അനന്തകൃഷ്ണൻ

കോട്ടയം: കത്തിയമര്‍ന്ന ഓട്ടോറിക്ഷക്കുള്ളില്‍ യുവാവ് വെന്തു മരിച്ചു. കോട്ടയം മാങ്ങാനം ചക്കാലയില്‍ പുത്തന്‍പറമ്പില്‍ താമസിക്കുന്ന ആര്‍പ്പൂക്കര വില്ലൂന്നി പനന്താനം അനന്തകൃഷ്ണനാണ് (26) മരിച്ചത്. മാങ്ങാനം സ്‌കൂള്‍ കവലയിലെ ഓട്ടോ ഡ്രൈവറാണ്.

നാലുവയസായ കുട്ടിക്ക് പാല്‍പ്പൊടി വാങ്ങാനെന്ന് പറഞ്ഞാണ് വീട്ടില്‍നിന്നിറങ്ങിയത്. ഏറെ നേരമായിട്ടും കാണാതായതോടെ വീട്ടുകാര്‍ വിളിച്ചപ്പോള്‍ പാല്‍പ്പൊടിയുമായി ഉടനെത്തുമെന്ന് മറുപടി നല്‍കി. ഒരു മണിക്കൂറിനുള്ളില്‍ അപകടവിവരമാണ് വീട്ടുകാരറിയുന്നത്. ശനിയാഴ്ച രാത്രി ഒന്‍പതുമണിയോടെ മാങ്ങാനം മക്രോമണി പാലത്തിനു സമീപമായിരുന്നു സംഭവം. കത്തിയമര്‍ന്ന ഓട്ടോക്കുള്ളില്‍ വെന്തു മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ആളിപ്പടരുന്ന തരത്തിലുള്ള വസ്തുവാണ് തീപ്പിടിത്തത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. സ്‌നേഹിച്ച് വിവാഹം കഴിച്ചതിനെ തുടര്‍ന്ന് വീട്ടുകാരില്‍നിന്നകന്ന് മാങ്ങാനത്തെ ഭാര്യവീട്ടിലായിരുന്നു താമസം.

കഴിഞ്ഞയിടെ പുത്തന്‍ ഓട്ടോറിക്ഷ വാങ്ങിയിരുന്നു. അടുത്തദിവസങ്ങളില്‍ ഓട്ടോയുടെ സി.സി. അടയ്ക്കാന്‍ പണമിടപാടുകാര്‍ വിളിക്കുന്നുണ്ടായിരുന്നതായി ഭാര്യാപിതാവ് പോലീസിനോട് പറഞ്ഞു.

വിവരമറിഞ്ഞ് കോട്ടയം ഈസ്റ്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ റിജോ പി.ജോസഫിന്റെ നേതൃത്വത്തില്‍ പോലീസും അഗ്‌നിരക്ഷാസേനയും സംഭവസ്ഥലത്തെത്തി. മൃതദേഹത്തിന് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. ഞായറാഴ്ച മേല്‍നടപടികള്‍ സ്വീകരിക്കും.

Content Highlights: autorickshaw driver dies in fire