കറുകച്ചാല്‍: 94-ാം വയസ്സില്‍ മികവുത്സവം സാക്ഷരതാ പരീക്ഷ എഴുതി തങ്കപ്പന്‍. നെടുംകുന്നം പഞ്ചായത്തില്‍ സാക്ഷരതാ പരീക്ഷ എഴുതിയവരില്‍ ഏറ്റവും പ്രായമുള്ള ആളാണ് ഇദ്ദേഹം. ചെറുപ്പത്തിലെ പ്രാരാബ്ദങ്ങള്‍ നിറഞ്ഞതായിരുന്നു മാന്തുരുത്തി നെടുംകുഴിയില്‍ പി.പി.തങ്കപ്പന്റെ ജീവിതം.

ചെറുപ്പത്തിലെ തന്നെ അച്ഛന്റെയൊപ്പം ഇരുമ്പുപണി ചെയ്തു തുടങ്ങിയതിനാല്‍ സ്‌കൂളില്‍ പോകാന്‍ കഴിഞ്ഞില്ല. പക്ഷേ പഠനം എന്നും മനസ്സില്‍ ഉണ്ടായിരുന്നു. നീണ്ടകാലത്തെ ആഗ്രഹം പൂര്‍ത്തിയാക്കാനായി തങ്കപ്പന്‍ എഴുത്തും വായനയും പരിശീലിച്ചു. നെടുംകുന്നത്തെ സാക്ഷരതാ പ്രേരക് എം.എം.സുനിതയുടെയും വാര്‍ഡംഗം ജോ ജോസഫിന്റെയും നേതൃത്വത്തിലാണ് തങ്കപ്പന്‍ പഠനം ആരംഭിച്ചത്.

പ്രായത്തിന്റെ അവശതകള്‍ ഒട്ടും തന്നെ ഇല്ലാത്ത ഇദ്ദേഹം 12-ാം മൈലാടിലെ സ്വന്തം ആലയില്‍ ഇരുമ്പുപണി ചെയ്താണ് ജീവിക്കുന്നത്. ജോലിക്കിടയിലും 12-ാം മൈലിലെ തുടര്‍വിദ്യാകേന്ദ്രത്തിലെത്തിയായിരുന്നു പഠനം. 60 പേരാണ് നെടുംകുന്നത്ത് പരീക്ഷ എഴുതിയത്. 100-ല്‍ 84 മാര്‍ക്ക് നേടിയ തങ്കപ്പനായിരുന്നു ഒന്നാം സ്ഥാനം. തങ്കപ്പനെ കഴിഞ്ഞ വയോജനദിനത്തില്‍ പഞ്ചായത്ത് ആദരിച്ചിരുന്നു.