കൊല്ലം : സ്വകാര്യ ബസ് ജീവനക്കാർ വിദ്യാർഥികളോട് നല്ല സമീപനം പുലർത്തണമെന്ന് കേരള വനിതാ കമ്മിഷൻ അംഗം ഷാഹിദാകമാൽ. കഴിഞ്ഞദിവസം നഗരത്തിൽ വിദ്യാർഥികളും ബസ് ജീവനക്കാരും തമ്മിലുണ്ടായ സംഘർഷത്തിൽ കമ്മിഷൻ അംഗം നേരിട്ടിടപെടുകയായിരുന്നു.

വനിതാ കമ്മിഷന്റെ പരിപാടിയിൽ പങ്കെടുത്ത് കൊല്ലത്തുനിന്ന് മടങ്ങവേ കരിക്കോട് ജങ്‌ഷനിൽ സംഘർഷാവസ്ഥ കണ്ട് പ്രശ്നത്തിലിടപെടുകയായിരുന്നു അവർ.  കൈപ്പത്തികൾ രണ്ടുമില്ലാത്തതും കാലിൽ പരിമിതിയുള്ളതുമായ വിദ്യാർഥിയെ സീറ്റിൽനിന്ന് എഴുന്നേൽപ്പിച്ചതാണ് പ്രശ്നത്തിന് വഴിതെളിച്ചത്. സംഭവത്തെത്തുടർന്ന് ടി.കെ.എം. ആർട്‌സ് കോളേജിലെ വിദ്യാർഥികൾ ബസ് തടഞ്ഞ് ജീവനക്കാരോട് പ്രതിഷേധിച്ചു. 

ബസ് കണ്ടക്ടർ ന്യായീകരിച്ചതാണ് പ്രശ്നം കൂടുതൽ വഷളാക്കിയത്. തുടർന്ന് പോലീസിനെ വിളിച്ചുവരുത്തി നടപടിയെടുപ്പിക്കുകയും ചെയ്തു. ബസ് ജീവനക്കാർക്കെതിരേ കേസെടുത്തശേഷം നടപടി റിപ്പോർട്ട് കമ്മിഷന് നൽകാൻ ഷാഹിദാകമാൽ നിർദേശിച്ചിട്ടുണ്ട്. ഇതേ ബസ് ജീവനക്കാർ പെൺകുട്ടികളോട് മോശമായി പെരുമാറിയതായും പരാതിയുയർന്നു.

അടുത്തിടെയായി ബസ് ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള മോശം സമീപനത്തെക്കുറിച്ച് കമ്മിഷന് നേരിട്ടും തപാലിലും പരാതികൾ ഏറെ ലഭിക്കുന്നതായി അവർ പറഞ്ഞു. പോലീസും ഗതാഗത വകുപ്പും ഇക്കാര്യം ജാഗ്രതയോടെ വീക്ഷിക്കണമെന്ന് അവർ കൂട്ടിച്ചേർത്തു.