ശാസ്താംകോട്ട: ശുദ്ധജലതടാകതീരം പ്ലാസ്റ്റിക് മുക്തമാക്കിയും ഭീഷണിയുയര്‍ത്തുന്ന അക്കേഷ്യ മരങ്ങള്‍ വെട്ടിമാറ്റിയും വേറിട്ടൊരു ജലദിനാചരണം. ശാസ്താംകോട്ട ടൗണ്‍ വാര്‍ഡിലെ തൊഴിലുറപ്പ് സ്ത്രീത്തൊഴിലാളികളാണ് തടാകത്തിനായി ജലദിനം അര്‍പ്പിച്ചത്. ഇവരോടൊപ്പം കുടുംബശ്രീ പ്രവര്‍ത്തകരും അണിചേര്‍ന്നു. തടാകതീരം മാലിന്യമുക്തമാക്കിയും അക്കേഷ്യ മരങ്ങള്‍ വെട്ടിത്തെളിച്ചും തടാകത്തെ സംരക്ഷിക്കുകയെന്ന ലക്ഷ്യവുമായാണ് അവര്‍ പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്.

തടകതീരത്ത് വ്യാപിച്ചുകിടന്ന പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മലിനവസ്തുക്കള്‍ ശേഖരിച്ച് സംസ്‌കരിക്കുന്നതിനും തുടക്കംകുറിച്ചു. തടാകത്തിന്റെ നിലനില്‍പ്പിനെപ്പോലും അപകടത്തിലാക്കുന്നതരത്തിലാണ് തടാകത്തോടുചേര്‍ന്ന് വെള്ളമൂറ്റുന്ന അക്കേഷ്യ മരങ്ങള്‍ വളരുന്നത്. ഇവ വെട്ടിമാറ്റാനും തുടങ്ങി. തുടര്‍ന്ന് വൈകിട്ട് ശാസ്താംകോട്ടയില്‍ ജലസംരക്ഷണ പ്രതിജ്ഞയും സമ്മേളനവും ചേര്‍ന്നു.

പഞ്ചായത്ത് പ്രസിഡന്റ് ടി.ആര്‍.ശങ്കരപ്പിള്ള ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം എസ്.ദിലീപ്കുമാര്‍ അധ്യക്ഷത വഹിച്ചു. ആര്‍.കൃഷ്ണകുമാര്‍, പി.കെ.അനില്‍, എല്‍.സുഗതന്‍, ലോറന്‍സ്, ജി.ബിജു, നൗഷാദ്, സീനത്ത്, കനക തുടങ്ങിയവര്‍ സംസാരിച്ചു.  തടാകസംരക്ഷണ ആക്ഷന്‍ കൗണ്‍സില്‍ ലോക ജലദിനം കരിദിനമായി ആചരിച്ചു. തടാകസംരക്ഷണ പദ്ധതികളെല്ലാം വെറുംവാക്കായ സാഹചര്യത്തിലാണ് കരിദിനം ആചരിച്ചത്. തടാകസംരക്ഷണത്തിനായി ഉണ്ടാക്കിയ 24 കോടിയുടെ പദ്ധതി ചിതലരിക്കുകയാണ്. കൈയേറ്റവും മലിനീകരണവും തടയാന്‍ നടപടിയില്ല. ഈ സാഹചര്യത്തില്‍ കരിദിനം ആചരിക്കാതെ നിവൃത്തിയല്ലെന്ന് ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ കെ.കരുണാകരന്‍ പിള്ള പറഞ്ഞു.