കൊല്ലം : ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി. ലോഫ്ലോർ ബസിന് തീപിടിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ആനന്ദവല്ലീശ്വരം ക്ഷേത്രത്തിന് സമീപം തോപ്പിൽക്കടവ് ഭാഗത്തായിരുന്നു സംഭവം. എറണാകുളത്തുനിന്ന്‌ തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന തേവര ഡിപ്പോയിലെ ബസിന്റെ എ.സി.കാബിൻ ഭാഗത്തുനിന്നാണ് ശക്തമായ ചൂടും പുകയും ഉയർന്നത്. ബസിന്റെ പിന്നിലെ സീറ്റിനോടുചേർന്ന ഭാഗത്തുനിന്ന് പുക ഉയരുന്നതുകണ്ട യാത്രക്കാർ ബഹളംവച്ചാണ്‌ ബസ്‌ നിർത്തിച്ചത്‌. വിദേശികളടക്കം 32 യാത്രക്കാർ ബസിലുണ്ടായിരുന്നു.

ബസ് നിർത്തി ഡ്രൈവർ അനസും കണ്ടക്ടർ സഫറുദീനും യാത്രക്കാരെ പുറത്തിറക്കി. ബസിന്റെ മധ്യഭാഗത്തെ വാതിൽ തുറക്കാൻ പറ്റാതായതിനാൽ മുൻവശത്തെ വാതിൽ തുറന്നാണ് യാത്രക്കാരെ ഇറക്കിയത്. ബസിന്റെ വാതിൽ അടയാതിരിക്കാൻ ഇന്റർലോക്ക് കട്ടകൾ ഉപയോഗിച്ച് തുറന്നുവച്ചശേഷമാണിത്. ചാമക്കടയിൽനിന്ന് ഫയർഫോഴ്സ് യൂണിറ്റെത്തി ഏറെനേരം ശ്രമിച്ചാണ് തീയും പുകയും ശമിപ്പിക്കാൻ കഴിഞ്ഞത്. എ.സി. കാബിനിലെ സർക്യൂട്ടിലുണ്ടായ തകരാറാണ് തീപിടിക്കാൻ കാരണമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

അപകടഘട്ടങ്ങളിൽ ലോഫ്ലോർ ബസിനുള്ളിലെ ചുറ്റിക ഉപയോഗിച്ച് ഗ്ലാസ് തകർത്തുമാത്രമാണ് യാത്രക്കാർക്ക് പുറത്തിറങ്ങാൻ കഴിയുക. യാത്രക്കാരെ മറ്റൊരു ബസിൽ കയറ്റിവിട്ടു. ലോഫ്ലോർ ബസ്‌ പിന്നീട്‌ കൊല്ലം ഡിപ്പോയിലേക്ക്‌ മാറ്റി. ചാമക്കട സ്റ്റേഷൻ ഒാഫീസർ ഉല്ലാസ് ഡി., ലീഡിങ്‌ ഫയർമാൻ വിക്ടർ വി.ദേവ്, ഫയർമാന്മാരായ രാജേന്ദ്രൻ പിള്ള, രതീഷ് കുമാർ, ആദർശ്, സഹായി തൃദീപ് എന്നിവർ ചേർന്നാണ് തീയണച്ചത്.