പുത്തൂർ : ചെറുമങ്ങാട് ചേരിയിൽ ദേവീക്ഷേത്ര ജങ്ഷനിൽ കെട്ടിക്കിടക്കുന്ന മലിനജലവും ചെളിയും മാലിന്യങ്ങളും നീക്കംചെയ്യാൻ അടിയന്തര നടപടി വേണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ കൊട്ടാരക്കര-ശാസ്താംകോട്ട റോഡ് ഉപരോധിച്ചു.

നൂറുകണക്കിന് നാട്ടുകാർ പങ്കെടുത്ത സമരം വർഷങ്ങളായി ഈ വിഷയത്തിൽ അധികൃതർ കാട്ടുന്ന അലസസമീപനത്തിനുള്ള താക്കീതായി മാറി. പത്തരയോടെ ആരംഭിച്ച ഉപരോധം അരമണിക്കൂറിലേറെ നീണ്ടു. വാർഡ്‌ അംഗം ജെ.കെ.വിനോദിനി ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത്‌ അധികൃതരുമായി ചർച്ചചെയ്ത് പരിഹാരത്തിനു മുൻകൈയെടുക്കാമെന്ന പോലീസിന്റെ ഉറപ്പിലാണ്‌ സമരം അവസാനിപ്പിച്ചത്.

പുത്തൂർ ചന്തമുക്കുമുതൽ ആലയ്ക്കൽ ജങ്ഷൻവരെയുള്ള ഓടകളിൽ മാലിന്യം നിറഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടിട്ട്‌ വർഷങ്ങളായി. ചേരിയിൽ ക്ഷേത്ര ജങ്ഷനിലെത്തുമ്പോഴേക്കും മാലിന്യം ഓട കവിഞ്ഞു റോഡാകെ നിറയുകയാണ് പതിവ്.

മഴമാറി വെയിൽ ലഭിക്കുന്നതുവരെ ഇത് അവിടെ കെട്ടിക്കിടക്കും. രൂക്ഷമായ ദുർഗന്ധമാണ് ഈ സമയങ്ങളിൽ അനുഭവപ്പെടുന്നത്. ആരോഗ്യപ്രശ്നങ്ങൾക്കും ഇത് കാരണമാകുന്നുണ്ടെന്നു നാട്ടുകാർ പറയുന്നു.

പരിഹാരനടപടികൾ തുടങ്ങി

പുത്തൂർ : അധികൃത അനാസ്ഥയ്ക്കെതിരേ നാട്ടുകാർ തെരുവിലിറങ്ങിയതോടെ പ്രതിഷേധത്തിനു ഫലം കണ്ടുതുടങ്ങി. ഉപരോധം നടന്നു മണിക്കൂറുകൾക്കുള്ളിൽ താത്‌കാലിക മാലിന്യനീക്കത്തിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു.

കിഫ്ബി റോഡ് നിർമാണം നടന്നുകൊണ്ടിരിക്കുന്ന സ്ഥലത്തുനിന്നു മണ്ണുമാന്തിയന്ത്രവും ടിപ്പർ ലോറിയും എത്തിച്ച് ക്ഷേത്രത്തിനുസമീപത്തെ ഓടയിൽനിന്ന്‌ മാലിന്യം നീക്കിക്കൊണ്ടിരിക്കുകയാണ്.

പോലീസിന്റെ ഇടപെടലിനെത്തുടർന്ന് പൊതുമരാമത്ത് എക്സിക്യുട്ടീവ് എൻജിനീയറുടെ നിർദേശപ്രകാരമായിരുന്നു പരിഹാരനടപടികൾ.

ഓട വേണ്ടെന്ന് നാട്ടുകാർ

പുത്തൂർ ചേരിയിൽ ക്ഷേത്ര ജങ്ഷനിലെ മാലിന്യപ്രശ്നത്തിനു പരിഹാരം കാണാൻ ഓടകൾ പൂർണമായും മൂടണമെന്ന് നാട്ടുകാർ. ഇവിടെ ഐറിഷ് ഡ്രെയ്ൻ സംവിധാനത്തിൽ നിർമാണം നടത്തണം. റോഡിന് വീതി കൂടാനും മാലിന്യം കെട്ടിക്കിടക്കാതിരിക്കാനും ഇതു സഹായിക്കും. മാലിന്യം തള്ളുന്നവർക്കെതിരേ കർശന നടപടി വേണമെന്നും അവർ ആവശ്യപ്പെടുന്നു.