തെന്മല: കോട്ടവാസലില്‍ 65 കിലോ കഞ്ചാവുമായി ആന്ധ്ര സ്വദേശികളായ രണ്ടുപേരെ പോലീസ് പിടികൂടി. ആന്ധ്ര രങ്കറെഡ്ഡിപുരം സ്വദേശികളായ കൊളസാനി ഹരിബാബു(40), ചെമ്പട്ടി ബ്രഹ്മയ്യ(35) എന്നിവരാണ് തെന്മല പോലീസിന്റെ പിടിയിലായത്.

വെള്ളിയാഴ്ച വൈകീട്ട് മൂന്നോടെ കോട്ടവാസല്‍ വനം വകുപ്പ് ചെക്ക്‌പോസ്റ്റിനു മുന്നില്‍ പോലീസ് പരിശോധനയ്ക്കിടെയാണ് ആന്ധ്ര സ്വദേശികള്‍ സഞ്ചരിച്ച കാര്‍ എത്തിയത്.

കാറിന്റെ ഡോറുകളുടെ വശങ്ങളില്‍ സ്‌ക്രൂ പിടിപ്പിക്കാത്തത് പരിശോധനയ്ക്കിടെ സംശയമുണ്ടാക്കി. കൂടുതല്‍ പരിശോധിച്ചപ്പോള്‍ കാറിന്റെ പിന്‍ഭാഗത്തുനിന്ന് പ്‌ളാസ്റ്റിക് കവറില്‍ സൂക്ഷിച്ചനിലയില്‍ സ്‌ക്രൂ ഡ്രൈവറും ഡോറില്‍നിന്ന് അഴിച്ചെടുത്ത സ്‌ക്രൂവും കിട്ടി. ഇതോടെ സംശയം വര്‍ധിച്ചു. പോലീസിന്റെ ചോദ്യങ്ങള്‍ക്ക് കാര്‍ യാത്രികര്‍ക്ക് കൃത്യമായ മറുപടിയുമില്ലായിരുന്നു. തുടര്‍ന്ന് ഡോര്‍ അഴിച്ചു പരിശോധിക്കുകയായിരുന്നു.

ഡോറിന്റെ വശങ്ങളില്‍ കവറില്‍ പൊതിഞ്ഞനിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. പിന്‍ഭാഗത്ത് സ്റ്റെപ്പിനി ടയറിനിടയിലും ഡിക്കിയിലും ഉള്‍പ്പെടെ മുപ്പതു പൊതികളാണ് ആകെയുണ്ടായിരുന്നത്. ഒരു പൊതിക്ക് രണ്ടേകാല്‍ കിലോയോളം തൂക്കമുണ്ട്. ഇവരെ കൂടുതല്‍ ചോദ്യംചെയ്തുവരികയാണ്.

തെലങ്കാന രജിസ്ട്രേഷനുള്ള നമ്പരാണ് വാഹനത്തില്‍ പതിപ്പിച്ചിരുന്നതെങ്കിലും വ്യാജമാണെന്നു സൂചനയുണ്ട്. പിടിയിലായ ഒരാളുടെ കൈവെള്ളയില്‍ എഴുതിയിരുന്ന വാഹന നമ്പറും സംശയത്തിനിടയാക്കുന്നു. ഇത് കഞ്ചാവ് കൈമാറാനുള്ളവരുടെ വാഹനനമ്പരാണെന്ന് പോലീസ് സംശയിക്കുന്നു. എന്നാല്‍, കൂടുതല്‍ പരിശോധനയ്ക്കും ചോദ്യംചെയ്യലിനും ശേഷമാകും ഇക്കാര്യം ഉറപ്പിക്കുക.

കൊട്ടാരക്കര എസ്.പി.യുടെ നേതൃത്വത്തിലുള്ള ലഹരിവിരുദ്ധ സ്‌ക്വാഡിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കോട്ടവാസലില്‍ പഴുതടച്ചുള്ള പരിശോധനയാണ് തെന്മല പോലീസിന്റെ നേതൃത്വത്തില്‍ നടത്തിയത്. കഞ്ചാവ് കടത്തുന്നവര്‍ മറ്റു റോഡുകളിലൂടെ പുനലൂരില്‍ ഉള്‍പ്പെടെ എത്താനുള്ള സാധ്യത ഒഴിവാക്കി കേരള-തമിഴ്നാട് അതിര്‍ത്തിയായ കോട്ടവാസലില്‍ പരിശോധന നടത്തുകയായിരുന്നു. കഴുതുരുട്ടി ഭാഗമെത്തിയാല്‍ തോട്ടം റോഡുകളിലൂടെ പുനലൂരിലെത്താന്‍ സാധ്യതയുണ്ടായിരുന്നു. പുനലൂര്‍ ഡിവൈ.എസ്.പി. വിനോദ്, തെന്മല എസ്.ഐ. ഡി.ജെ.ശാലു, ലഹരിവിരുദ്ധ പോലീസ് വിഭാഗം, ഗ്രേഡ് എസ്.ഐ. സജി, സി.പി.ഒ.മാരായ അനൂപ്, അനീഷ്‌കുമാര്‍, വിഷ്ണു, സ്റ്റാന്‍ലി, ഷിനോ എന്നിവര്‍ പങ്കെടുത്തു.

Content Highlights: Two Andhra natives arrested with 65 kg cannabis