കൊട്ടിയം : മധ്യസ്ഥചർച്ചകൾക്കായി വിളിച്ചുവരുത്തിയശേഷം യുവാക്കളെ ഗുരുതരമായി ആക്രമിച്ചു പരിക്കേൽപ്പിച്ച സംഘത്തിലെ ഇരട്ടസഹോദരങ്ങളെ കിളികൊല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു.

കിളികൊല്ലൂർ കന്നിമേൽ വലിയമാടം കളരി തെക്കതിൽ ശ്രീരാഗ് (അപ്പു-22), ശ്രീഹരി (22) എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.

നേരത്തേ പിടിയിലായ മൂന്നുപേരിൽ രണ്ടുപേർ സഹോദരങ്ങളായിരുന്നു. ശ്രീഹരിയുടെ പേരിൽ കൊട്ടിയം, ഇരവിപുരം, കിളികൊല്ലൂർ എന്നിവിടങ്ങളിലായി പന്ത്രണ്ടോളം കേസുകൾ നിലവിലുണ്ട്.

പേരൂർ വയലിൽ പുത്തൻവീട്ടിൽ മിഥുൻ (ആരോമൽ-20), ഇയാളുടെ സഹോദരൻ നിതിൻ (അമ്പാടി-23), വയലിൽ പുത്തൻവീട്ടിൽ സുമേഷ്‌ (ചെമ്പകം-21) എന്നിവരാണ് നേരത്തേ അറസ്റ്റിലായത്.

കഴിഞ്ഞ ഓഗസ്റ്റ് 31-ന് പുന്തലത്താഴം ആമക്കോട്ടുള്ള തെങ്ങിൻപുരയിടത്തിൽവെച്ച് മാമൂട് ചരുവിള പുത്തൻവീട്ടിൽ ഹാഷിം (25), മേക്കോൺ വയലിൽ വീട്ടിൽ അർഷാദ് (27) എന്നിവരെ മാരകമായി ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ഇവർ പിടിയിലായത്.

സംഭവത്തിനുശേഷം ഒളിവിൽപ്പോയ പ്രതികളെ കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണസംഘങ്ങൾ രൂപവത്‌കരിച്ചിരുന്നു. സിറ്റി സൈബർ സെല്ലിന്റെ സഹായത്തോടെ അയ്യായിരത്തോളം ടെലിഫോൺ നമ്പരുകൾ പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്. പുന്തലത്താഴത്തെ മദ്യവിൽപ്പനശാലയ്ക്കുസമീപം തമ്പടിച്ച് മദ്യം വാങ്ങാനെത്തുന്നവരെ വിരട്ടി പണംതട്ടുകയാണ് സംഘം ചെയ്തിരുന്നതെന്ന് പോലീസ് പറഞ്ഞു. കിളികൊല്ലൂർ എസ്.എച്ച്.ഒ. കെ.വിനോദ്, എസ്.ഐ.മാരായ എ.പി.അനീഷ്, ശ്രീനാഥ്, ജയൻ സക്കറിയ തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Content Highlights: Twin brothers arrested for attempted murder