തെന്മല : നിയന്ത്രണങ്ങൾ ശക്തമാക്കിയതോടെ തമിഴ്നട്ടിൽനിന്ന് ആര്യങ്കാവ് അതിർത്തി ചെക്ക്പോസ്റ്റ് വഴി എത്തുന്ന ചരക്ക് വാഹനങ്ങളുടെ എണ്ണത്തിൽ കുറവ്. തെങ്കാശി, തിരുനെൽവേലി ജില്ലകളിലെ കടകൾക്കും ചന്തകൾക്കും നിയന്ത്രണങ്ങളുടെ ഭാഗമായി ഇടയ്ക്കിടെ അവധി നൽകിത്തുടങ്ങി.

കഴിഞ്ഞയാഴ്ച തിരുനെൽവേലി, പാവൂർസത്രം ചന്തകൾക്ക് രണ്ടുദിവസം അവധി നൽകിയിരുന്നു. തമിഴ്‌നാട് അതിർത്തിയിൽ ചന്തകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതോടെ കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളിൽ ആയിരത്തോളം വാഹനങ്ങൾ മാത്രമാണ് അതിർത്തിവഴി എത്തിയത്. മുൻപ് ശരാശരി 1200 ചരക്ക് വാഹനങ്ങളാണ് ദിനംപ്രതി ചെക്ക്പോസ്റ്റ് കടന്നിരുന്നത്.

മൂന്നുദിവസമായി 2000-ത്തോളം ചരക്ക് വാഹനങ്ങൾ എത്തിയതിൽ ദേശീയപാത നവീകരണത്തിന് ആവശ്യമായ ടാറിങ്ങ് സാധനങ്ങൾ കൊണ്ടുവരുന്ന നൂറോളം ലോറികളും ഉൾപ്പെടും. തൂത്തുക്കുടിയിൽ സാത്തൻകുളത്ത് പോലീസ് മർദനത്തിൽ അച്ഛനും മകനും കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് കഴിഞ്ഞദിവസം അതിർത്തി ജില്ലകളിൽ വ്യാപാരികൾ കടകളടച്ചു ഹർത്താൽ ആചരിച്ചിരുന്നു. ഇതും ചരക്ക് വാഹനങ്ങൾ കുറയുന്നതിന് കാരണമായി. ചന്തകൾക്ക് ഇടയ്ക്കിടെ അവധി വരുന്നത് പച്ചക്കറിയുടെ വിലനിലവാരത്തിൽ മാറ്റം ഉണ്ടാക്കിയിട്ടില്ല.