തെന്മല : കുളത്തൂപ്പുഴയുടെ ഭാഗമായിട്ടുള്ള റോസ്‌മല പ്രദേശം ആര്യങ്കാവ് വില്ലേജിനോട് ചേർക്കാനുള്ള നടപടികൾ പുനരാരംഭിച്ചു. നടപടികളുടെ ഭാഗമായി പുനലൂർ തഹസിൽദാർ ജി.നിർമൽകുമാറിന്റെ നേതൃത്വത്തിൽ സർവേ വിഭാഗം റോസ്‌മലയിൽ കഴിഞ്ഞദിവസം പരിശോധനയ്ക്ക് എത്തിയിരുന്നു.

സർവേ വിഭാഗത്തിന്റെ കണക്കിൽ 455 ഏക്കർ സ്ഥലമാണുള്ളത്. മുമ്പ് അളന്നുതിരിച്ചിട്ട കുറ്റികൾ പരിശോധിക്കുന്ന ജോലികളാണ് പുരോഗമിക്കുന്നത്. റോസ്‌മലയുമായി ബന്ധപ്പെട്ട സർവേ വിവരങ്ങൾ കോഴിക്കോട് വനംവകുപ്പിൽനിന്നാണ് എത്തിച്ചത്.

മാസങ്ങൾക്കുമുമ്പ് പൂർത്തിയാക്കേണ്ട ജോലി കോവിഡ്മൂലം നീണ്ടുപോകുകയായിരുന്നു. തുടർന്ന് വീണ്ടും കളക്ടറുടെ നിർേദശം എത്തിയതോടെയാണ് സർവേ വിഭാഗത്തിന്റെ നടപടികൾ ആരംഭിച്ചത്.

നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഇനിയും കാലതാമസമുണ്ട്. റോസ്‌മല കുളത്തൂപ്പുഴ വില്ലേജിൽനിന്ന് ഒഴിവാക്കുന്നതിനൊപ്പം ആര്യങ്കാവ് വില്ലേജിൽ ചേർത്ത് കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കണം. ഇതിന്റെ അടിസ്ഥാനത്തിൽ സർക്കാർ എടുക്കുന്ന തീരുമാനപ്രകാരമായിരിക്കും ബാക്കിയുള്ള നടപടികൾ. നിലവിൽ കുളത്തൂപ്പുഴയുടെ കീഴിലുള്ള റോസ്‌മല നിവാസികൾ സ്വന്തം പഞ്ചായത്തിലും വില്ലേജിലും എത്താൻ ആര്യങ്കാവ് വഴി കുളത്തൂപ്പുഴയിലേക്ക് നാൽപതോളം കിലോമീറ്ററുകൾ യാത്രചെയ്യേണ്ടിവരുന്നുണ്ട്.