തെന്മല : പഠന റിപ്പോർട്ട് വന്ന് ഒന്നരവർഷം പിന്നിട്ടിട്ടും തെന്മല പരപ്പാർ ഡാമിലെ എക്കൽ നീക്കാനുള്ള നടപടി എങ്ങുമെത്തിയില്ല. 2018 ജനുവരി ഒന്നുമുതൽ മാർച്ച് 24 വരെയായിരുന്നു ഡാമിന്റെ വൃഷ്ടിപ്രദേശത്തെ എക്കൽ പരിശോധന.
ദിവസങ്ങൾ നീണ്ടുനിന്ന പരിശോധനയുടെ ഫലം അതേവർഷം ജൂലായിൽ വരുകയും ചെയ്തു. പഠന റിപ്പോർട്ടിൽ 6.59 ശതമാനം എക്കൽ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് അടിഞ്ഞിട്ടുള്ളതായി കണ്ടെത്തിയിരുന്നു. 25 സെന്റിമീറ്റർ കനത്തിൽ എക്കൽ നിക്ഷേപമുള്ളതായാണ് പ്രാഥമിക വിലയിരുത്തൽ. പഠനത്തിനുശേഷം രണ്ട് മഴക്കാലം പിന്നിട്ടതിനാൽ എക്കൽ കൂടുതലായിട്ടുണ്ടാകും.
പതിറ്റാണ്ടുകളായി കഴുതുരുട്ടി ആറ്റിലൂടെ ഒഴുകിയെത്തുന്ന എക്കൽ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മണ്ണാന്തറ ഭാഗത്ത് അടിഞ്ഞിട്ടുണ്ട്. ശെന്തുരുണി, കുളത്തൂപ്പുഴ ആറുകൾ ഡാമിൽ സംഗമിക്കുന്ന ഭാഗത്തും വൻതോതിൽ മണൽ നിക്ഷേപമുണ്ട്. 1992-ലെ പ്രളയസമയത്തും വൻതോതിൽ മണൽ ഡാമിലേക്ക് എത്തിയിട്ടുണ്ട്.
ഡാമിലെ എക്കൽ നീക്കംചെയ്യാൻ കഴിഞ്ഞാൽ സംഭരണശേഷി കൂട്ടാം. അതിലൂടെ വേനൽക്കാലത്ത് മുഴുവൻസമയവും വലതുകര, ഇടതുകര കനാലുകളിലൂടെ കൂടുതൽ വെള്ളമൊഴുക്കാൻ കഴിയും. എന്നാൽ ശെന്തുരുണി വന്യജീവിസങ്കേതം പരപ്പാർ ഡാം ഭാഗത്ത് ഉൾപ്പെടെയാണ് വ്യാപിച്ചുകിടക്കുന്നത്. വേനൽക്കാലത്ത് വന്യമൃഗങ്ങളുടെ ആവാസമേഖലയാണ് ഈ ഭാഗം. കാട്ടിൽ ജലലഭ്യത കുറയുമ്പോൾ ഡാമിന്റെ വൃഷ്ടിപ്രദേശമാണ് വന്യമൃഗങ്ങളുടെ ആശ്രയം. അതിനാൽ മണൽനീക്കം വന്യജീവി സങ്കേതത്തിന് ആഘാതമുണ്ടാക്കുമോ എന്നും പഠനം നടത്തേണ്ടതുണ്ട്.