കൊല്ലം: വലിയ പ്രതീക്ഷയോടെയാണ് സിനിമാപ്രേമികൾ തിങ്കളാഴ്ചയ്ക്കായി കാത്തിരിക്കുന്നത്. തിയേറ്ററുകളുടെ ഓഫീസ് തുറന്നുപ്രവർത്തിക്കുമെങ്കിലും തിങ്കളാഴ്ച പ്രദർശനമുണ്ടാകാൻ സാധ്യതയില്ല. എങ്കിലും തകൃതിയായ ഒരുക്കത്തിലാണ് തിയേറ്ററുകൾ. ബുധനാഴ്ച പ്രദർശനമുണ്ടായേക്കും. പ്രദർശനത്തിനെത്തുന്ന ചിത്രങ്ങളെക്കുറിച്ചും ധാരണയായിട്ടില്ല. ശനിയാഴ്ച നടക്കുന്ന തിയേറ്ററുടമകളുടെ യോഗത്തോടെയേ ചിത്രം വ്യക്തമാകൂ.

ആറുമാസത്തെ ഇടവേളയ്ക്കുശേഷം തിയേറ്ററുകളുടെ വാതിലുകൾ പ്രേക്ഷകർക്കായി തുറക്കുമ്പോൾ തിയേറ്റർ ഉടമകളുടെയും ജീവനക്കാരുടെയുമെല്ലാം നെഞ്ചിടിപ്പ്‌ ഉയരുകയാണ്‌. ഇവരുടെ ആകാംക്ഷകൾ അസ്ഥാനത്തല്ലതാനും. സമാനതകളില്ലാത്ത പ്രതിസന്ധികളാണ് ജീവിതത്തിന്റെ ഫ്ലാഷ്ബാക്കിൽ. അടച്ചിട്ടകാലത്തെ വൈദ്യുതി ഫിക്സഡ് ചാർജിന്റെയും വിനോദനികുതിയുടെയും കെട്ടിടനികുതിയുടെയുമൊക്കെ കാര്യം അനുഭാവപൂർവം പരിഗണിക്കുമെന്നാണ് മന്ത്രി നൽകിയിരിക്കുന്ന ഉറപ്പ്. സെക്കൻഡ്ഷോ അനുവദിച്ചത് സ്വാഗതാർഹമാണ്. വരുംദിവസങ്ങളിൽ പ്രൊജക്ടറിൽനിന്ന്‌ ചിതറിവീഴുന്ന ദൃശ്യങ്ങൾക്ക് അകമ്പടിയായെത്താവുന്ന കൈയടിയുടെ ഒച്ചയാകും ഇനി തിയേറ്ററുകളുടെ വിധിയെഴുതുക.

കഴിഞ്ഞതവണത്തെ അടച്ചിടലിനുശേഷം തിയേറ്ററുകൾ തുറന്നപ്പോൾ പ്രൊജക്ടർ കേടായി പാതിവഴിയിൽ പ്രദർശനം നിന്നുപോയ അവസ്ഥ ചിലയിടങ്ങളിലുണ്ടായിരുന്നു. അതിൽനിന്ന്‌ പാഠമുൾക്കൊണ്ട് കരുതലോടെതന്നെയാണ് ഓരോ തിയേറ്ററും അടച്ചിടൽ കാലത്ത് ഉപകരണങ്ങൾ കൈകാര്യം ചെയ്തത്. ഉപകരണങ്ങളെല്ലാം സർവീസ് ചെയ്ത് പൂർണസജ്ജമാണെന്ന് ഉറപ്പുവരുത്തുന്നുണ്ട്. മൾട്ടിപ്ലക്സുകളിൽപ്പോലും പലയിടത്തും എലികളായിരുന്നു ഉടമകളുടെയും ജീവനക്കാരുടെയും തലവേദന. കേബിളുകൾ കരണ്ടുതിന്നുംമറ്റും പലയിടത്തും എലികൾ പ്രശ്നക്കാരായി.

കാടുപിടിച്ചുകിടന്ന പരിസരം വൃത്തിയാക്കിയും അണുനാശനം ചെയ്തുമെല്ലാം തിയേറ്ററുകൾ കാണികൾക്കായുള്ള കാത്തിരിപ്പിലാണ്.

ബോണ്ട് എവരിവെയർ

തിങ്കളാഴ്ച തുറക്കാമെന്നിരിക്കെ പ്രദർശിപ്പിക്കാൻ സിനിമകളില്ലാത്തത് തിയേറ്ററുടമകളെ പ്രതിസന്ധിയിലാക്കുന്നു. ജെയിംസ് ബോണ്ട് ചിത്രമായ ‘നോ ടൈം ടു ഡൈ’, തമിഴ് ചിത്രം ‘ഡോക്ടർ’ എന്നിവമാത്രമേ അടുത്തയാഴ്ച പ്രദർശനത്തിനായി ഉള്ളൂ. എല്ലാ തിയേറ്ററിലും ബോണ്ട് ചിത്രംതന്നെ എങ്ങനെ പ്രദർശിപ്പിക്കുമെന്നതാണ് തിയേറ്റർ ഉടമകളുടെ സംശയം.

ബുധനാഴ്ച ജയിംസ് ബോണ്ടും ഡോക്ടറും പ്രദർശിപ്പിച്ചു തുടങ്ങിയില്ലെങ്കിൽ നവംബർ നാലിന് ദീപാവലിക്കാകും പ്രദർശനം തുടങ്ങുക. രജനി ചിത്രം അണ്ണാത്തെയോടെ പ്രദർശനം പുനരാരംഭിക്കാനാകും ശ്രമം. മലയാളചിത്രങ്ങളിൽ റിലീസിനൊരുങ്ങിയിരുന്ന ‘അജഗജാന്തരം’ ഡിസംബറിലേക്ക് നീട്ടിയതായാണ് റിപ്പോർട്. ദുൽഖർ സൽമാൻ ചിത്രം ‘കുറുപ്പ്’ തന്നെയാകും ആദ്യത്തെ വലിയ റിലീസ്.

Content Highlights: Theatres open after a gap of six months preparations on final stages