എഴുകോണ്‍: പോച്ചംകോണം അനന്തുസദനത്തില്‍ സുനില്‍കുമാറിന്റെയും ഉഷാകുമാരിയുടെയും മകള്‍ അനഘ സുനില്‍ (19) വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. വിദ്യാഭ്യാസവായ്പ വൈകിയതിലുള്ള നിരാശയാണ് കാരണമെന്ന് ബന്ധുക്കള്‍ പരാതിപ്പെടുന്നു. എന്നാല്‍ വായ്പയ്ക്ക് തടസ്സമില്ലെന്നും നടപടിക്രമങ്ങളിലായിരുന്നെന്നും ബാങ്ക് അധികൃതര്‍ പറയുന്നു.
തമിഴ്നാട്ടിലെ തേനിയില്‍ പാരാമെഡിക്കല്‍ കോഴ്സിന് അനഘ പ്രവേശനം നേടിയിരുന്നു. 20-ന് ക്ലാസ് തുടങ്ങാനിരിക്കെ ഫീസ് അടയ്ക്കുന്നതിനായി ബാങ്കില്‍ അപേക്ഷ നല്‍കിയിരുന്നു. വായ്പസംബന്ധിച്ച അന്വേഷണത്തിനായി കഴിഞ്ഞദിവസം അനഘ ബാങ്കില്‍ പോയിരുന്നു. വായ്പ ലഭിക്കുന്ന കാര്യം സംശയമാണെന്ന് അനഘ ഫോണിലൂടെ അറിയിച്ചതായി അച്ഛന്‍ സുനില്‍കുമാര്‍ പറയുന്നു. കൊല്ലത്തു പോയിരുന്ന രക്ഷിതാക്കള്‍ ഒന്നരയോടെ വീട്ടിലെത്തിയപ്പോഴാണ് അനഘയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹം കൊട്ടാരക്കര താലൂക്കാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. സഹോദരന്‍: അനന്തു.
വായ്പയ്ക്ക് തടസ്സമുന്നയിച്ചില്ല
:അനഘയ്ക്ക് വിദ്യാഭ്യാസവായ്പ നല്‍കുന്നതില്‍ തടസ്സങ്ങള്‍ ഉന്നയിച്ചിരുന്നില്ലെന്ന് ബാങ്ക് മാനേജര്‍ അറിയിച്ചു. കേരളത്തിനു വെളിയിലുള്ള മാനേജ്‌മെന്റ് സീറ്റായതിനാല്‍ ആള്‍ജാമ്യമോ വരുമാന സര്‍ട്ടിഫിക്കറ്റോമാത്രം നല്‍കിയാല്‍ മതി. ഈ വിവരം അനഘയോടും സഹോദരന്‍ അനന്തുവിനോടും പറഞ്ഞിരുന്നെന്നും മാനേജര്‍ പറയുന്നു.