കൊല്ലം : കോവിഡ് വ്യാപനത്തെ തുടർന്ന് തീവണ്ടി സർവീസ് കുറഞ്ഞെങ്കിലും സമൂഹവിരുദ്ധരുടെ കല്ലേറിനു കുറവില്ല. തിരുവനന്തപുരം, പാലക്കാട് റെയിൽവേ ഡിവിഷനുകളുടെ പരിധിയിൽ ഇക്കൊല്ലം ഇതുവരെ 27 കല്ലേറ് കേസുകളുണ്ടായി. പാലക്കാട് ഡിവിഷനിലാണ് കൂടുതൽ-16. തിരുവനന്തപുരത്ത്-11.

ഓഗസ്റ്റിൽ കരുനാഗപ്പള്ളിയിൽ തീവണ്ടി എൻജിനു നേരേയുണ്ടായ കല്ലേറിൽ ലോക്കോപൈലറ്റിന്റെ കൈമുട്ടിന് സാരമായി പരിക്കേറ്റു.

എൻജിന്റെയും ബോഗികളുടെയും ചില്ലുകൾ കല്ലേറിൽ തകരുകയും യാത്രക്കാർക്കും ജീവനക്കാർക്കും പരിക്കേൽക്കുകയും ചെയ്ത വേറെയും സംഭവങ്ങളുണ്ട്.

മദ്യശാലകൾ, ലെവൽ ക്രോസുകൾ എന്നിവിടങ്ങൾക്കു സമീപത്തുനിന്നാണ് കൂടുതൽ കല്ലേറ് നടക്കുന്നത്. തിരുവനന്തപുരം ഡിവിഷനിൽ പരവൂരിനും മയ്യനാടിനുമിടയിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. തുടർച്ചയായി തീവണ്ടികൾക്കുനേരേ കല്ലേറ് റിപ്പോർട്ട് ചെയ്യുന്ന സ്ഥലങ്ങളിൽ റെയിൽവേ സംരക്ഷണസേനയെ മഫ്തിയിൽ നിയോഗിച്ചിട്ടുണ്ട്. പാളങ്ങളിലൂടെ പട്രോളിങ്‌ നടത്തി ബോധവത്‌കരണ പരിപാടികളും സംഘടിപ്പിച്ചുവരികയാണ്.