കൊല്ലം : മദ്യപസംഘങ്ങൾ തമ്മിലുള്ള സംഘർഷം തടയുന്നതിനിടെ എ.എസ്.ഐ.ക്ക് വെട്ടേറ്റ സംഭവത്തിൽ ഒരാളെക്കൂടി പോലീസ് അറസ്റ്റുചെയ്തു. കിളികൊല്ലൂർ രണ്ടാംനമ്പർ കാരുണ്യ നഗറിൽ ഷെമീർ മൻസിലിൽ ഷെമീർ (41) ആണ് പിടിയിലായത്. കഴിഞ്ഞ ബുധനാഴ്ച രാത്രി കുറ്റിച്ചിറ പൗർണമി ഓഡിറ്റോറിയത്തിന് മുന്നിലെ സംഘർഷം തടയുന്നതിനിടെയാണ് സിറ്റി കൺട്രോൾ റൂം എ.എസ്.ഐ. എൻ.എ.കലാമിന് വെട്ടേറ്റത്.
ഇരുവിഭാഗം യുവാക്കൾ തമ്മിലുള്ള സംഘർഷം നിയന്ത്രിക്കാനെത്തിയ കിളികൊല്ലൂർ പോലീസിനെ സഹായിക്കാനാണ് എൻ.ഐ.കലാമിന്റെ നേതൃത്വത്തിലുള്ള കൺട്രോൾ റൂം സംഘം സ്ഥലത്തെത്തിയത്. സംഘർഷമുണ്ടാക്കിയ രണ്ട് പ്രതികളെ വാഹനത്തിൽ കയറ്റുന്നതിനിടെയാണ് എ.എസ്.ഐ.ക്ക് വെട്ടേറ്റത്. സംഭവത്തിൽ കുറ്റിച്ചിറ സ്വദേശി നബീൽ നേരത്തേ പിടിയിലായി. മറ്റ് നാലു പ്രതികളും കണ്ടാലറിയാവുന്ന 20 പേരും കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. എസ്.ഐ. ശ്യാമിന്റെ നേതൃത്വത്തിൽ എസ്.ഐ. ബഥനി ഡിക്രൂസ്, എ.എസ്.ഐ.മാരായ ജയൻ കെ.സക്കറിയ, നജുമുദ്ദീൻ, താഹാക്കോയ, പ്രകാശ് ചന്ദ്രൻ, സുനിൽ തോമസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
Content Highlights: SI stabbing case, one more accuse under police custody, Kollam Crime News