ശാസ്താംകോട്ട : ’സേഫ് കൊല്ലം’ പദ്ധതിക്ക് ശാസ്താംകോട്ട പഞ്ചായത്തിൽ പ്രൗഢമായ തുടക്കം. റോഡ് സുരക്ഷ, ഭക്ഷ്യസുരക്ഷ, സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ, ജലസുരക്ഷ, പ്രകൃതിസുരക്ഷ എന്നീ അഞ്ച് സന്ദേശങ്ങൾ ഉയർത്തിയാണ് സേഫ് കൊല്ലം നടപ്പാക്കുന്നത്.
വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് നടപ്പാക്കുന്ന പദ്ധതിയുടെ ശാസ്താംകോട്ട പഞ്ചായത്തുതല ഉദ്ഘാടനം വൻ ജനപങ്കാളിത്തത്തോടെയാണ് നടന്നത്. പദ്മാവതി ജങ്ഷനിൽനിന്ന് ആരംഭിച്ച വിളംബരഘോഷയാത്രയോടെയായിരുന്നു തുടക്കം. നൂറുകണക്കിന് വനിതകളുടെ പങ്കാളിത്തംകൊണ്ട് ഘോഷയാത്ര ശ്രദ്ധേയമയി.സ്കൂളുകളിലെ എൻ.സി.സി., എൻ.എസ്.എസ്. യൂണിറ്റ് വിദ്യാർഥികൾ, നഴ്‌സിങ് വിദ്യാർഥികൾ, വ്യാപാരി വ്യവസായികൾ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, ആശാ പ്രവർത്തകർ, ഹരിതകർമസേന, ഐ.സി.ഡി.എസ്. ജീവനക്കാർ തുടങ്ങി നിരവധി സന്നദ്ധപ്രവർത്തകർ പങ്കാളികളായി.
തുടർന്ന് ശാസ്താംകോട്ടയിൽ ചേർന്ന സമ്മേളനം കെ.സോമപ്രസാദ് എം.പി. ഉദ്ഘാടനം ചെയ്തു. കോവൂർ കുഞ്ഞുമോൻ എം.എൽ.എ. നിർമൽ ഗ്രാമപ്പഞ്ചായത്ത് പ്രഖ്യാപനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ഐ.നൗഷാദ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.അരുണാമണി, ജില്ലാപഞ്ചായത്ത് അംഗം കെ.ശോഭന, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മായാദേവി, ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യേഗസ്ഥർ തുടങ്ങിയവർ സംസാരിച്ചു.