ശാസ്താംകോട്ട : നാട്ടിൽ ജലക്ഷാമം രൂക്ഷമാകുമ്പോഴും ജലാശയങ്ങൾ സംരക്ഷിക്കാൻ നടപടിയില്ല. മിക്ക കുളങ്ങളും പായൽ കയറിയും മാലിന്യങ്ങൾ തള്ളിയും ഉപയോഗശൂന്യമായി മാറി.

ഒരുകാലത്ത് തോടുകൾ വിശാലവും ജലസമൃദ്ധവുമായിരുന്നു. കൈയേറ്റവും ചെളിനിറഞ്ഞതും കാരണം തോടുകൾ ഇന്ന് മെലിഞ്ഞു. വേനലിന്റെ ആരംഭത്തിൽത്തന്നെ ഇവ വറ്റുകയാണ്. വയൽ നികന്നതോടെ തോടുകളും നികന്നു.

വിശാലമായ ശൂരനാട് തെക്ക് കൂവളകുറ്റിത്തോട് നവീകരിച്ചെങ്കിലും ഫലം കണ്ടില്ല. കൈയേറ്റം കാരണം തോടിന്റെ വിസ്തൃതി കുറഞ്ഞു. ചക്കുവള്ളിച്ചിറയിൽനിന്ന്‌ വെള്ളമൊഴുക്ക് കുറഞ്ഞതോടെ തോട് നാശത്തിന്റെ വക്കിലാണ്. വൻതോതിൽ മാലിന്യം തള്ളുന്നതും നിലനിൽപ്പിന് ഭീഷണിയായി. പള്ളിക്കലാറിൽനിന്ന്‌ ഉദ്‌ഭവിച്ച് പോരുവഴി വെൺകുളം ഏലായിലൂടെ കടന്നുപോകുന്ന കൈപ്പച്ചേരിൽ തോടു നവീകരണം പാതിവഴിയിൽ ഉപേക്ഷിച്ചു. കുറച്ചുഭാഗത്ത് തിട്ടകോരി കയർഭൂവസ്ത്രം വിരിച്ചതല്ലാതെ ഒന്നും നടന്നില്ല. ചെളിനിറഞ്ഞ് വെള്ളമൊഴുക്കും നിലച്ചു.

കടുവുങ്കൽ ഏലായിലേക്കുള്ള കൈതോട് കൈയേറി ഇല്ലാതായി. വലിയ ജലാശയങ്ങളായ ചക്കുവള്ളിച്ചിറയും കുന്നത്തൂർ തോട്ടത്തുംമുറി പോളച്ചിറയും സംരക്ഷണമില്ലാതെ നശിക്കുന്നു. 10 ഏക്കർ വരുന്ന ചക്കുവള്ളിച്ചിറയുടെ സംരക്ഷണത്തിനായി അനുവദിച്ച ഓന്നേകാൽക്കോടി രൂപ വെറുതെയായി. സംരക്ഷണഭിത്തി നിർമിച്ച് ബില്ലുമാറി പോകുകയാണുണ്ടായത്.

പോളച്ചിറ നവീകരണം തൊഴിലുറപ്പിൽ ഉൾപ്പെടുത്തിയെങ്കിലും ഒന്നും നടന്നില്ല. പോരുവഴിയിലെ പ്രധാന ജലാശയങ്ങളായ കൈതാകുളവും എമ്പട്ടാഴി കുളവും പായൽകയറി നശിച്ചു. ശാസ്താംകോട്ടയിലെ വലിയ ജലാശയമായ അട്ടച്ചിറ നവീകരണത്തിന് അനുവദിച്ച തുക എന്തിനുപയോഗിച്ചെന്ന് ആർക്കുമറിയില്ല. കുറച്ചുവെള്ളം വറ്റിക്കുകമാത്രമാണ് ചെയ്തത്. കണ്ടംകുളം വീണ്ടും പായൽ കയറി നശിച്ചു.

മൈനാഗപ്പള്ളിയിലെ ആറാട്ടുകളത്തിന്റെ നവീകരണം ഏകദേശം പൂർത്തിയായിവരുന്നു. എന്നാൽ, മാലിന്യം തള്ളുന്നത് തടയുന്നതിന് വേലി സ്ഥാപിക്കാത്തത് കുളത്തിന്റെ നിലനിൽപ്പിനെ ബാധിക്കുകയാണ്.