ശാസ്താംകോട്ട : ശാസ്താംകോട്ട ഗ്രാമപ്പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിൽ അങ്കണവാടി കെട്ടിടം ഉയർന്നു. തൊഴിലുറപ്പ് പദ്ധതിയിൽ പൂർത്തിയാകുന്ന ജില്ലയിലെ ആദ്യത്തെ അങ്കണവാടി കെട്ടിടമാണ് ഇത്. പനപ്പെട്ടി കിഴക്ക് രണ്ടാംവാർഡിലെ എട്ടാംനമ്പർ അങ്കണവാടിക്കാണ് തൊഴിലുറപ്പ് പദ്ധതിയിൽ പുതിയ കെട്ടിടമായത്. രണ്ട് ഘട്ടങ്ങളിലായി 9.71 ലക്ഷം രൂപ ചെലവിട്ടാണ് നിർമാണം. ശുചിമുറി ഉൾപ്പെടെ അഞ്ച് മുറികളുള്ള വിപുലമായ സംവിധാനമണ് കുരുന്നുകൾക്കായി ഒരുങ്ങിയത്.

620 സ്ക്വയർഫീറ്റ് വസ്തീർണമുണ്ട്. 296 തൊഴിൽദിനങ്ങളാണ് വേണ്ടിവന്നത്. രണ്ടാം വാർഡിലെ തൊഴിൽഗ്രൂപ്പിൽനിന്ന്‌ കെട്ടിടംപണിയിലും മൈക്കാട് ജോലിയിലും പ്രാഗല്‌ഭ്യമുള്ളവരാണ് പണിയിൽ ഏർപ്പെട്ടത്. നൈപുണ്യമുള്ള കുറച്ച് തൊഴിലാളികളെ പുറത്തുനിന്ന്‌ ഉൾപ്പെടുത്തിയിരുന്നു. കെട്ടിടനിർമാണത്തിനുവേണ്ട സാധനസാമഗ്രികളും തൊഴിലുറപ്പ് പദ്ധതിയിലൂടെയാണ് ലഭ്യമാക്കിയത്. പഞ്ചായത്തിലെ തൊഴിലുറപ്പ് അസി. എൻജിനിയർ എം.ബിനി, ഓവർസിയർ ഷെമീർ അലി എന്നിവരാണ് നേതൃത്വം നൽകിയത്. കെട്ടിടത്തിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 10-ന് നടക്കുമെന്ന് വാർഡ് അംഗം സഫീന അറിയിച്ചു.