പരവൂർ : കേരളത്തിൽ പോലീസ് സംവിധാനം തീർത്തും നിഷ്‌ക്രിയമാണെന്നും നാട്ടിലിന്ന് നടക്കുന്ന അക്രമങ്ങളും അരും കൊലപാതകങ്ങളും സി.പി.എം. നേതാക്കളുടെയും പാർട്ടിയുടെയും അറിവോടെയാണെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

പരവൂരിൽ കഴിഞ്ഞദിവസം ഡി.വൈ.എഫ്.ഐ. പ്രവർത്തകരുടെ ആക്രമണത്തിൽ പരിക്കേറ്റ് നെടുങ്ങോലം ഗവ. താലൂക്കാശുപത്രിയിൽ ചികിത്സയിലായിരുന്ന യൂത്ത് കോൺഗ്രസ് പരവൂർ മണ്ഡലം പ്രസിഡന്റ് നസറുദീനെ സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാസർകോട്ട്‌ നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ട യുവാക്കളുടെ വീടുകൾ സന്ദർശിച്ചശേഷം തിരുവനന്തപുരത്തേക്കുള്ള തീവണ്ടിയാത്രയ്ക്കിടെ കൊല്ലത്തിറങ്ങിയാണ് പ്രതിപക്ഷനേതാവ് പരവൂരിലെ ആശുപത്രിയിലെത്തിയത്.

ഡി.സി.സി.പ്രസിഡന്റ് ബിന്ദുകൃഷ്ണയും പ്രതിപക്ഷനേതാവിനൊപ്പം നെടുങ്ങോലം ആശുപത്രിയിലെത്തി. നെടുങ്ങോലം രഘു, ജി.രാജേന്ദ്രപ്രസാദ്, ശ്രീലാൽ, എൻ.ഉണ്ണിക്കൃഷ്ണൻ, പരവൂർ സജീബ്, ചാത്തന്നൂർ മുരളി എന്നിവരും അദ്ദേഹത്തൊപ്പമുണ്ടായിരുന്നു. ആർ.എസ്.പി. സംസ്ഥാന സെക്രട്ടറി എ.എ.അസീസ്, എൻ.കെ.പ്രേമചന്ദ്രൻ എം.പി., പ്രതാപവർമ തമ്പാൻ എന്നിവരും നസറുദ്ദീനെ സന്ദർശിച്ചു.

Content Highlights: Ramesh Chennithala, Youth Congress, DYFI