പരവൂർ : പൊഴിക്കര തീരത്ത് എത്തുന്ന സന്ദർശകർക്കായി കടപ്പുറത്ത് നിർമിച്ച സ്മാർട്ട് ഷീ ഇ-ടോയ്‌ലറ്റ് പ്രവർത്തനം തുടങ്ങി. വൈദ്യുതിയും വെള്ളവും ഇല്ലാത്തതിനാൽ ഏറെനാളായി അനാഥമായി കിടന്ന ഇ-ടോയ്‌ലറ്റ് അടുത്തിടെയാണ് പ്രവർത്തനസജ്ജമാക്കിയത്.

15 ലക്ഷത്തോളം രൂപ ചെലവിൽ തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന ഇറാം സയന്റിഫിക് എന്ന സ്ഥാപനമാണ് കരാറെടുത്ത് നിർമിച്ചത്. പണം നൽകി ഉപയോഗിക്കാവുന്നതാണ് ഷീ ഇ-ടോയ്‌ലറ്റ്.

ക്യാബിനു പുറത്തുള്ള പ്രത്യേക കോയിൻ ബൂത്തിൽ നാണയം ഇടുന്നതനുസരിച്ച് ക്യാബിൻ തുറക്കും. ഇതിനോട് ചേർന്നുതന്നെ കുഞ്ഞുങ്ങൾക്ക് മുലയൂട്ടാൻ അമ്മമാർക്കായി ഒരു പ്രത്യേക ക്യാബിൻകൂടി നിർമിച്ചിട്ടുണ്ട്. ഇതിൽ പ്രവേശനം സൗജന്യമാണ്. 20 മിനിറ്റ് നേരമാകും ഇതിനകത്ത് ഇരിക്കാൻ കഴിയുക. ഈ സമയപരിധി കഴിയുമ്പോൾ ഉള്ളിലെ ലൈറ്റും ഫാനും ഓഫാകും. വീണ്ടും വാതിൽ തുറന്നടച്ചാൽ 20 മിനിറ്റ് വീണ്ടും അകത്ത് ഇരിക്കാനാകുന്ന രീതിയിലാണ് ക്യാബിന്റെ സജ്ജീകരണം.