ഓച്ചിറ : ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ പ്രസിദ്ധമായ ഇരുപത്തിയെട്ടാം ഓണമഹോത്സവത്തിന്റെ ഭാഗമായുള്ള കെട്ടുകാളകളുടെ എഴുന്നള്ളത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. കെട്ടുത്സവത്തിൽ ഏഷ്യയിലെ ഏറ്റവും വലിയ കെട്ടുകാളമുതൽ കൈവെള്ളയിൽ എഴുന്നള്ളിക്കുന്ന കെട്ടുകാളയെവരെ അണിനിരത്തും.
ഓണാട്ടുകരയിലെ കരുനാഗപ്പള്ളി, കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിൽ ഉൾപ്പെട്ട 52 കരകളിൽനിന്ന് ഇരുനൂറോളം കെട്ടുകാളകളാണ് പടനിലത്ത് അണിനിരക്കുക. കെട്ടുകാളകളുടെ നിർമാണത്തിന് മുന്നോടിയായുള്ള പന്തലിന്റെ കാൽനാട്ട് കർമവും ചട്ടംകൂട്ടൽ ചടങ്ങും മിക്കകരകളിലും ആരംഭിച്ചു. തുടർന്ന് കോൽകെട്ട്, കച്ചികെട്ട്, തുണിപൊതിയൽ തുടങ്ങിയ ഘട്ടങ്ങൾ നടക്കും. വലതുവശത്തെ കാളയെ ചുവപ്പ് നിറത്തിലും ഇടതുവശത്തെ കാളയെ വെള്ളനിറത്തിലുമുള്ള പട്ടുകൊണ്ട് പൊതിഞ്ഞ് ആടയാഭരണങ്ങൾകൊണ്ട്മൂടി വർണാഭമാക്കും. തുടർന്നാണ് ശിരസ് ഉറപ്പിക്കുന്നത്. കുടമണികൾ, മറ്റ് അലങ്കാരങ്ങൾ, നെറ്റിപ്പട്ടം, വെഞ്ചാമരം, ആലവട്ടം, മുത്തുക്കുട, ജീവത തുടങ്ങിയവകൂടി ആകർഷകമാക്കും.
ചുവപ്പ് കരുത്തിന്റെയും വെളുപ്പ് സൗന്ദര്യത്തിന്റെയും പ്രതീകമായിട്ടാണ് കാണുന്നത്. അങ്ങനെ കരുത്തും സൗന്ദര്യവും കരവിരുതും സമന്വയിക്കുന്ന കെട്ടുകാളകളുടെ നിർമാണത്തിന്റെ പണിപ്പുരയിലാണ് ഇപ്പോൾ കരക്കാരും കാളകെട്ട് സമിതി ഭാരവാഹികളും.
കെട്ടുത്സവത്തിന്റെ ഭാഗമായി കാളമൂട്ടിൽ അന്നദാനം, ഭജന, ഭാഗവതപരായണം, വിവിധ കലാപരിപാടികൾ തുടങ്ങിയവ നടക്കും. മഴ അല്പമൊന്ന് ശമിച്ചതോടെ ഓണാട്ടുകരയിലെ കെട്ടുത്സവസംഘങ്ങൾ സജീവമായിട്ടുണ്ട്.