അഞ്ചാലുംമൂട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവിനെയും സഹായിയെയും പോലീസ് പിടികൂടി. തിരുവനന്തപുരം നെയ്യാറ്റിൻകര ബാലരാമപുരം അവണാംകുഴി അനീഷ്ഭവനിൽ അനീഷ് (21), സഹായി കാഞ്ഞിരംകുളം ആറാംവാർഡ് തെൻപൊന്നൻകാല പുത്തൻവീട്ടിൽ വിഷ്ണു (21) അനീഷ് .

സംഭവം സംബന്ധിച്ച് പോലീസ് പറഞ്ഞത്: സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ കഴിഞ്ഞ ചൊവ്വാഴ്ച സ്കൂളിലേക്കു പോകുമ്പോൾ പ്രണയംനടിച്ച് അനീഷ് തിരുവന്തപുരത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ഇരുവരും തിരുവനന്തപുരത്തും പരിസരത്തും ചുറ്റിക്കറങ്ങി അർധരാത്രിയോടെ സുഹൃത്തായ വിഷ്ണുവിന്റെ വീട്ടിലെത്തി. വീട്ടുകാരെ അറിയിക്കാതെ വീടിന്റെ രണ്ടാംനിലയിലെ മുറിയിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. സ്കൂൾസമയം കഴിഞ്ഞിട്ടും പെൺകുട്ടി വീട്ടിലെത്താതിരുന്നതിനാൽ പിതാവ് പോലീസിൽ പരാതി നൽകി. പെൺകുട്ടി കാഞ്ഞിരംകുളത്തുണ്ടെന്ന് പോലീസ് മേധാവി ടി.നാരായണനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പെൺകുട്ടിയെയും യുവാവിനെയും പോലീസ് കണ്ടെത്തി കൂട്ടിക്കൊണ്ടുവന്നു.

വൈദ്യപരിശോധനയിൽ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായി തെളിഞ്ഞതിനെ തുടർന്ന് യുവാവിനെയും സഹായിയെയും അറസ്റ്റ് ചെയ്തു. കൊല്ലം അസിസ്റ്റന്റ് കമ്മിഷണർ ജി.ഡി.വിജയകുമാറിന്റെ നേതൃത്വത്തിൽ അഞ്ചാലുംമൂട് എസ്.എച്ച്.ഒ. സി.ദേവരാജൻ, സബ്ബ് ഇൻസ്പെക്ടർമാരായ ബി.ശ്യാം, ഷബ്‌ന, ലഗേഷ്‌കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്‌ ചെയ്തു.