കൊല്ലം : പൊയ്പോയ നല്ല കാലത്തിന്റെ ഓർമകൾപോലെ ഈ വീട്. കാർ പോർച്ച് ഉൾപ്പെടെ എല്ലാ സൗകര്യങ്ങളുമുള്ള വീടാണെങ്കിലും മുറ്റവും തൊടിയും ഇപ്പോൾ കാടുകയറിക്കിടക്കുന്നു. ‘ഈ വീട്ടിൽ ആർക്കും പ്രവേശനമില്ല’ എന്നതുൾപ്പെടെ, ചായം തേച്ച ചുവരിലാകെ കരിക്കട്ട കൊണ്ട് പലതും കോറിയിട്ടിരിക്കുന്നു. മനസ്സിന്റെ താളം തെറ്റിയ മൂന്നുപേരും രണ്ട് കുട്ടികളും ഉൾപ്പെടെ ആറംഗ കുടുംബം കഴിയുന്ന ഇവിടെ അപരിചിതരെ കാണുമ്പോൾ കുരച്ചുചാടുന്ന പട്ടിയുമുണ്ട്. ഇവർക്കൊപ്പം ഓരോ ദിവസവും തള്ളിനീക്കാൻ മാധുരിക്കു കൂട്ട് കഴിഞ്ഞുപോയ നല്ല ബാല്യത്തെക്കുറിച്ചുള്ള ഓർമകൾ മാത്രം.

ആരും ഇപ്പോൾ പോകാറില്ലെങ്കിലും, രാമൻകുളങ്ങരയിലെ ‘ഹരിപുരം’ ഇപ്പോൾ നാട്ടുകാർക്കൊരു നൊമ്പരക്കാഴ്ചയാണ്. നാട്ടുകാർ എല്ലാ പൊതു ആവശ്യങ്ങൾക്കും ആദ്യം ഓടിയെത്തിയിരുന്ന രാഷ്ട്രീയപ്രവർത്തകനായിരുന്ന ഹരിദാസൻ നായരുടെ വീടാണത്.

ഹരിദാസൻ നായരുടെ ഭാര്യ രാജമ്മയമ്മയുടെയും ഇളയമകൾ ആശയുടെയും മാനസികനില പൂർണമായും തകർന്നനിലയിലാണ്. മൂത്ത മകളാണ് മാധുരി. രാജമ്മയമ്മയും ആശയും ആശയുടെ എട്ടാം ക്ലാസുകാരനായ മകനും മാധുരിയുടെ മകനുമടങ്ങുന്ന ആറംഗ കുടുംബം ജോലിയൊന്നുമില്ലാത്ത മാധുരിയുടെ സംരക്ഷണത്തിലാണ് വർഷങ്ങളായി കഴിഞ്ഞുപോകുന്നത്. രാജമ്മയമ്മയ്ക്ക് മറ്റൊരു മകൻ കൂടിയുണ്ട്. മാനസികനില തകരാറിലായ ഇയാളെ സമീപവാസികളുടെ പരാതിയെത്തുടർന്ന് മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്. അമ്മയുടെയും സഹോദരിയുടെയും ദൈനംദിന കാര്യങ്ങൾ ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളും മാധുരിയുടെ ചുമലിലാണ്. പ്രശ്നങ്ങൾക്കിടയിൽ പത്താം ക്ലാസ് കഴിഞ്ഞ മകന്റെ പഠനവും ചോദ്യച്ചിഹ്നമായിരിക്കുകയാണ്.

രാഷ്ട്രീയപ്രവർത്തകൻകൂടിയായിരുന്ന അച്ഛൻ ഹരിദാസൻ നായരുടെ മരണത്തോടെയാണ് ജീവിതം ഇത്രകണ്ട് കയ്പേറിയതായതെന്ന് മാധുരി പറയുന്നു. ആഹ്ളാദകരമായിരുന്നു ബാല്യകാലം. തുടർന്ന്‌ ദുരിതങ്ങൾ ഓരോന്നായി വേട്ടയാടി. ഭർത്താവ് ഉപേക്ഷിച്ചുപോയി.

ഗർഭിണിയായിരുന്ന സമയത്ത് മാനസികപ്രശ്നങ്ങൾ കാട്ടിയതിനെത്തുടർന്നാണ് സഹോദരി ആശയെ ഭർത്താവ് വീട്ടിൽ കൊണ്ടുവന്നു നിർത്തിയത്. പിന്നീട് തിരിഞ്ഞുനോക്കിയിട്ടില്ല. ‘അച്ഛന്റെ സമയത്ത് പലർക്കും പണം കടം കൊടുത്തിട്ടുണ്ടായിരുന്നു. എന്നാൽ പലരും കബളിപ്പിച്ചു,’ അവർ പറഞ്ഞു.

ദൈനംദിനജീവിത്തിന് ഇവർക്കുമുൻപിൽ മാർഗങ്ങളൊന്നുമില്ല. ഉടമസ്ഥതയിലുള്ള വസ്തു വിൽപ്പന നടത്തുന്നതിനും രാജമ്മയമ്മയുടെ മനോനില വിലങ്ങുതടിയാണ്. അയൽക്കാരുടെയും ചില ബന്ധുക്കളുടെയും സഹായംകൊണ്ടാണ് ഇങ്ങനെയെങ്കിലും പിടിച്ചുനിൽക്കുന്നത്. നല്ല ചികിത്സ കിട്ടിയാൽ കുടുംബം രക്ഷപ്പെടുമെന്നാണ് നാട്ടുകാർ പറയുന്നത്.

Content Highlight: life story of madhuri from kollam