പുത്തൂർ : ദൈവപുത്രന്റെ തിരുപ്പിറവിയെ ആഘോഷപൂർവം വരവേൽക്കാൻ കച്ചവടകേന്ദ്രങ്ങൾ ഒരുങ്ങി. മുൻപ്‌ വർണവൈവിധ്യങ്ങളുടെ സൗന്ദര്യപ്പൂരമൊരുക്കുന്ന പേപ്പർ നക്ഷത്രങ്ങളാണ് വിപണി കീഴടക്കിയതെങ്കിൽ ഇപ്പോൾ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശവിസ്മയം തീർക്കുന്ന എൽ.ഇ.ഡി. നക്ഷത്രങ്ങളാണ് സജീവം.

ഡിസംബർ പിറന്നതോടെ മിക്ക കച്ചവടകേന്ദ്രങ്ങളിലും എൽ.ഇ.ഡി. നക്ഷത്രങ്ങളുടെ നീണ്ടനിര പ്രത്യക്ഷപ്പെട്ടുതുടങ്ങിയിരിക്കുന്നു. കുഞ്ഞൻ എൽ.ഇ.ഡി. നക്ഷത്രങ്ങൾ മുതൽ കൂറ്റൻ നക്ഷത്രങ്ങൾവരെ വിപണിയിലെത്തിയിട്ടുണ്ട്. 150 രൂപ മുതൽ മുകളിലോട്ടാണ് ആദ്യഘട്ടം വിപണിയിലെത്തിയവയുടെ വിലയെന്ന് പുത്തൂരിലെ കച്ചവടക്കാർ പറയുന്നു. പ്രധാന പട്ടണങ്ങളിലെ കച്ചവടകേന്ദ്രങ്ങളിൽ മുൻവർഷങ്ങളിൽ 10,000 രൂപയുടെവരെ നക്ഷത്രങ്ങൾ സജീവമായിരുന്നത്രേ.

ഗതകാലപ്രൗഢിയുടെ പ്രതീകമായ പേപ്പർ നക്ഷത്രങ്ങൾ പൂർണമായും ഇല്ലാതായിട്ടില്ല. എന്നാൽ ആവശ്യക്കാർ കുറവാണ്. വർഷങ്ങളോളം സൂക്ഷിച്ചുവെക്കാൻ കഴിയുമെന്നതാണ് എൽ.ഇ.ഡി.നക്ഷത്രങ്ങൾക്കുള്ള പ്രധാന ആകർഷണമെന്നും കച്ചവടക്കാർ പറയുന്നു.

Content Highlight: led stars arrived in chiristmas market