പുനലൂർ : കനത്ത മഴയത്തെത്തുടർന്ന് കൊല്ലം-തിരുമംഗലം ദേശീയപാതയിൽ പുനലൂർ കലയനാട് ജങ്ഷനിൽ മണ്ണിടിഞ്ഞു. വെള്ളിയാഴ്ച പത്തുമണിയോടെയായിരുന്നു സംഭവം. ഇതേത്തുടർന്ന് ദേശീയപാതയിൽ അഞ്ചുമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

കലയനാട് ജങ്ഷനിൽനിന്ന്‌ ഗ്രേസിങ് ബ്ലോക്കിലേക്ക് പോകുന്ന വഴിയുടെ സമീപത്തായാണ് മണ്ണിടിഞ്ഞത്. ഇരുപത്തഞ്ചോളം അടി ഉയരത്തിൽനിന്ന്‌ ഇവിടെയുണ്ടായിരുന്ന മരത്തോടൊപ്പം മണ്ണ് റോഡിലേക്ക്‌ ഇടിയുകയായിരുന്നു. കുറെനേരം പൂർണമായും വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാതായി. നാട്ടുകാരും പോലീസും അഗ്നിശമന-രക്ഷാസേനയും ചേർന്ന് കുറേ മണ്ണു നീക്കി ഉച്ചയോടെ ഒരുവശത്തുകൂടി വാഹനങ്ങൾ കടത്തിവിട്ടു. മണ്ണ് പൂർണമായി നീക്കി വൈകീട്ടാണ് ഗതാഗതം പൂർണമായും സുഗമമാക്കിയത്. മണ്ണിടിഞ്ഞ ഭാഗത്തുള്ള രണ്ടുവീടുകളും ഭീഷണിയിലാണ്.

പശ്ചിമഘട്ട മേഖലയായതിനാൽ പുനലൂരിൽനിന്ന്‌ ആര്യങ്കാവുവരെയുള്ള 40 കിലോമീറ്റർ ദൂരത്തിൽ മിക്കയിടത്തും ഇത്തരം അപകടഭീഷണി നിലനിൽക്കുന്നുണ്ട്. മിക്കഭാഗങ്ങളിലും റോഡിന്റെ ഒരുവശത്ത് കുന്നും മറുവശത്ത് വൻ കൊക്കയുമാണ്. കലയനാടിനടുത്ത് പ്ലാച്ചേരിയിൽ മൂന്നുവർഷംമുൻപ് ഇടിഞ്ഞുവീണ ദേശീയപാതയുടെ പാർശ്വഭിത്തി ഇനിയും പുനർനിർമിച്ചിട്ടില്ല.

കഴിഞ്ഞവർഷം ഓഗസ്റ്റിൽ തെന്മല പതിമൂന്നുകണ്ണറ പാലത്തിനു സമീപം ദേശീയപാതയുടെ പാർശ്വഭിത്തിയിടിഞ്ഞ്‌ ആഴ്ചകളോളം ചരക്കുവാഹനങ്ങളുടെ ഗതാഗതം നിർത്തലാക്കിയിരുന്നു. കാലവർഷം കഴിയുവോളം അപകടഭീഷണിയിലാണ് ദേശീയപാതയിലെ യാത്ര.

Content Highlights: Landslide on National Highway, Traffic disrupted, Heavy Rainfall Kerala