കുന്നിക്കോട് : കല്ലടയാറിന്റെ കൈവഴികളിൽ ഒന്നായ കുന്നിക്കോട് വലിയതോടിന്റെ നവീകരണം തുടങ്ങി. ഹരിതകേരളം മിഷന്റെ ’ഇനി ഞാൻ ഒഴുകട്ടെ’ പദ്ധതിയുടെ ഭാഗമായി വിളക്കുടി പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് തോട് ശുചീകരിക്കുന്നത്.
നാല് സമീപ പഞ്ചായത്തുകളിലൂടെ ഒഴുകി കല്ലടയാറ്റിൽ ചേരുന്ന നീർച്ചാലാണ് വലിയതോട്. കടുമംഗലം ക്ഷേത്രത്തിനടുത്തുനിന്ന് ആവണീശ്വരം റെയിൽവേ സ്റ്റേഷന് സമീപംവരെ മൂന്നുകിലോമീറ്റർ ദൂരത്തിലാണ് നവീകരണം.
വിളക്കുടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് എം.അജിമോഹൻ ശുചീകരണം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷീജ പി.വി., സ്ഥിരംസമിതി അധ്യക്ഷരായ എ.സജീദ്, ജെ.സജീവ്, ശ്രീദേവിയമ്മ, പഞ്ചായത്ത് അംഗങ്ങൾ, ഹരിതകേരളം മിഷൻ ബ്ലോക്ക് കോ-ഓർഡിനേറ്റർ സുജൻ, അസി. സെക്രട്ടറി ജോസഫ് അലോഷ്യസ് തുടങ്ങിയവർ പങ്കെടുത്തു.