കുന്നിക്കോട് : വിളക്കുടി പഞ്ചായത്തിലെ മഞ്ഞമൺകാല വാർഡിൽ പുതിയ അങ്കണവാടിയും പകൽവീടും തുറന്നു. കെ.ബി.ഗണേഷ്‌കുമാർ എം.എൽ.എ.യുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 15 ലക്ഷം രൂപ ചെലവഴിച്ചാണ് ബഹുനിലമന്ദിരം സജ്ജമാക്കിയത്.
പ്രദേശവാസി എസ്.രാമചന്ദ്രൻ പിള്ള വിട്ടുനൽകിയ അഞ്ചുസെന്റിലാണ് ബഹുനിലമന്ദിരം നിർമിച്ചത്. ഇതുവരെ വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന അങ്കണവാടി പുതിയ കെട്ടിടത്തിലേക്ക് മാറ്റി. പ്രദേശവാസികളായ മുതിർന്ന പൗരന്മാർക്ക് പകൽസമയം ചെലവഴിക്കുന്നതിനും വായനയ്ക്കും ടി.വി. കാണുന്നതിനും സൗകര്യമൊരുക്കിയാണ് പകൽവീട് പ്രവർത്തിക്കുക. ഇവിടെ സമയം ചെലവഴിക്കുന്നവർക്ക് രാവിലെയും ഉച്ചയ്ക്കും ഭക്ഷണവും ലഭ്യമാക്കും. പുനലൂർ നഗരത്തോട് ചേർന്നുകിടക്കുന്ന വാർഡാണ് മഞ്ഞമൺകാല. വിളക്കുടി ഗ്രാമപ്പഞ്ചായത്തിലെ ആരോഗ്യവിഭാഗത്തിന്റെ സേവനങ്ങൾ പകൽവീടുവഴി മുതിർന്ന പൗരന്മാർക്ക് വേഗത്തിൽ ലഭ്യമാക്കാനാകുമെന്നതാണ് മറ്റൊരു പ്രത്യേകത. കഴിഞ്ഞദിവസം നടന്ന ചടങ്ങിൽ കെ.ബി.ഗണേഷ്‌കുമാർ എം.എൽ.എ. മന്ദിരോദ്ഘാടനം നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് സി.വിജയൻ അധ്യക്ഷത വഹിച്ചു. കെട്ടിടനിർമാണത്തിന് സൗജന്യമായി സ്ഥലം നൽകിയ എസ്.രാമചന്ദ്രൻ പിള്ളയെ പുനലൂർ നഗരസഭാ മുൻ ചെയർമാൻ എം.എ.രാജഗോപാൽ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം പി.വത്സലകുമാരി, വാർഡ് അംഗങ്ങളായ കെ.ജി.വിനു, പി.ശ്രീദേവിയമ്മ, എം.അജിമോഹൻ, എ.സജീവ് എന്നിവർ സംസാരിച്ചു.