കുന്നിക്കോട് : പേപ്പർമിൽ-പനമ്പറ്റ പാതയിൽ വീണ്ടും അപകടം. ഞായറാഴ്ച രണ്ട് വാഹനങ്ങൾ അപകടത്തിൽപ്പെട്ടതിനു പിന്നാലെ തിങ്കളാഴ്ച പുലർച്ചെ ഓട്ടോറിക്ഷ താഴ്ചയിലേക്ക് മറിഞ്ഞു. ആർക്കും പരിക്കില്ല. കഴിഞ്ഞദിവസം മിനി ബസ് ഓട്ടോയിലിടിച്ച് മറിഞ്ഞ അതേ സ്ഥലത്താണ് ഓട്ടോറിക്ഷ മറിഞ്ഞത്. പാതയിൽ ഏറ്റവും അപകടംപിടിച്ച ഭാഗമാണ് ഈ കൊടുംവളവ്. ഒരുവശത്ത് താഴ്ചയാണ്. നവീകരണസമയത്ത് റോഡ് വീതികൂട്ടാൻ നടപടികൾ തുടങ്ങിയെങ്കിലും പീന്നിടത് വേണ്ടെന്നുവെച്ചു. പാതയിലെ ടാറിങ് താഴ്ചയിലേക്ക് ഇടിഞ്ഞിറങ്ങിയ നിലയിലാണ്. നിരവധിതവണ പാതയുടെ വീതികൂട്ടാൻ ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ലെന്ന് പ്രാദേശവാസികൾ പറയുന്നു. തലവൂർ, പട്ടാഴി, പട്ടാഴി വടക്കേക്കര എന്നിവിടങ്ങളിൽനിന്നുള്ളവർ പുനലൂരിലേക്കും കിഴക്കൻ പ്രദേശങ്ങളിലേക്കും പോകാൻ ആശ്രയിക്കുന്ന റോഡാണിത്. രണ്ടുമാസംമുൻപ് ഇവിടെ സിമന്റ് ലോറി താഴ്ചയിലേക്ക് മറിഞ്ഞിരുന്നു. തലനാരിഴയ്ക്കാണ് ഡ്രൈവർ രക്ഷപ്പെട്ടത്. പാതയുടെ വശങ്ങൾ പുനർനിർമിക്കാൻ പൊതുമരാമത്ത് എസ്റ്റിമേറ്റ് തയ്യാറാക്കിയെങ്കിലും നിർമാണം തുടങ്ങാനായില്ല.